ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ മത്സരങ്ങൾ അവസാനിക്കുമ്പോൾ കയ്യടി നേടുകയാണ് ഇന്ത്യൻ താരങ്ങൾ. ആവേഷ് ഖാനും, ഉമേഷ് യാദവും തുടങ്ങി യുവതാരമായ ആയുഷ് ബദാനിയടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമാണ് സീസണിൽ കാഴ്‌ച്ചവെയ്ക്കുന്നത്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരമായ ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി.
സീസണിലെ ആദ്യ മത്സരത്തിൽ റൺസൊന്നുമെടുക്കാതെയായിരുന്നു താരം പുറത്തായത്. ഇതോടെ ഗില്ലിനെതിരായ വിമർശനവും ശക്തമായി. എന്നാൽ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വിമർശകരുടെ വായടപ്പിക്കാൻ താരത്തിനായി.ഡൽഹിക്കെതിരെ 46 പന്തിൽ നിന്നും 84 റൺസാണ് ഗിൽ അടിച്ചെടുത്തത്. 6 ഫോറും 4 സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
കലർപ്പില്ലാത്ത പ്രതിഭയാണ് ഗിൽ എന്നാണ് ശാസ്‌ത്രിയുടെ പുകഴ്‌ത്തൽ. ലോകക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ യുവതാരങ്ങളിൽ ഒരാളാണ് ഗില്ലെന്നും റൺസ് കണ്ടെത്താൻ തുടങ്ങിയാൽ ഗില്ലിന്റെ ബാറ്റിങ് അനായാസമാകുമെന്നും ശാസ്‌ത്രി പറഞ്ഞു.