അശ്വിന്റെ റെക്കോര്‍ഡുകള്‍ പഴങ്കഥ; കപിൽദേവിന്റെ നേട്ടത്തിനൊപ്പം രവീന്ദ്ര ജഡേജ
ഐസിസി റാങ്കിംഗില്‍ അശ്വിനെ പിന്തള്ളി രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്
ടീം ഇന്ത്യയുടെ അവിഭാജ്യതാരമായി മാറിയിരിക്കുകയാണ് ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും ഇടംകൈയ്യൻ സ്ലോ ബോളറുമായ രവീന്ദ്ര ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ ടീം പരിഗണിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ജഡേജ, 2008ല്‍ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോൾ അതിന് ഇന്ത്യയെ പ്രാപ്തമാക്കാന്‍ ജഡേജ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. രവിചന്ദ്ര അശ്വിന്റെ നിഴലിൽ നിന്നു ശരിക്കും പുറത്തു കടന്നുള്ള പ്രകടനമാണ് കഴിഞ്ഞ പരമ്പരയില്‍ ജഡേജ കാഴ്ച്ചവെച്ചത്. നാലു ടെസ്റ്റുകളിൽ നിന്നായി 25 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ ആറ് ഇന്നിങ്സുകളിൽ നിന്നായി രണ്ട് അർധ സെഞ്ചുറികൾ ഉള്‍പ്പെടെ 127 റൺസും സ്വന്തമാക്കി.
ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും മാന്‍ ഓഫ് ദി സീരീസ് പുരസ്കാരവും ജഡേജയെ തേടിയെത്തുകയും ചെയ്തു. ഈ പരമ്പരയിലെ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ നേട്ടത്തിനൊപ്പമെത്താനും ജഡേജയ്ക്ക് കഴിഞ്ഞു. ഒരു സീസണിൽ അഞ്ഞൂറ് റൺസും 50 വിക്കറ്റുമെന്ന അതിശയാവഹമായ നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്.
2016–17 സീസണില്‍ 13 മൽസരങ്ങളിൽനിന്നായി 556 റൺസും 71 വിക്കറ്റുമാണ് ജഡേജ സ്വന്തമാക്കിയത്. കൂടാതെ ഈ സീസണിൽ ആറ് അർധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി. വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ അശ്വിനു പിന്നിൽ രണ്ടാമതെത്താനും ജഡേജയ്ക്ക് സാധിച്ചു. 1979–80 സീസണിലാണ് കപിൽ ദേവ് 13 മൽസരങ്ങളിൽ നിന്ന് 535 റൺസും 63 വിക്കറ്റും സ്വന്തമാക്കിയത്.