RCB, WPL Title win,Royal challengers Banglore
ഇന്നലെ വനിതാ പ്രീമിയര്‍ ലീഗില്‍ സ്മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ആര്‍സിബി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയപ്പോള്‍ ആര്‍സിബി ആരാധകര്‍ മതിമറന്നെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല. 16 വര്‍ഷക്കാലമായി പുരുഷ ടീമിന് സാധിക്കാതിരുന്ന നേട്ടം രണ്ടാം സീസണിലാണ് വനിതാ ടീം സ്വന്തമാക്കിയത്. ഓരോ സീസണിലും ഈ സാല കപ്പ് നമ്‌ദേയെന്ന് പറഞ്ഞുകൊണ്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ലക്ഷങ്ങളാണ് ഇന്നലെ നേടിയ വിജയത്തോടെ തലയുയര്‍ത്തി നിന്നത്.
ഫൈനല്‍ ഡല്‍ഹിയുടെ തട്ടകത്തില്‍ ഡല്‍ഹിക്കെതിരെ ആധികാരികമായ വിജയമാണ് ബാംഗ്ലൂര്‍ വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും ഷെഫാലി വര്‍മയും ചേര്‍ന്ന നല്‍കിയത്. വനിതാ ക്രിക്കറ്റിലെ സെവാഗെന്ന് വിളിപ്പേരുള്ള ഷെഫാലി വീരുവിന്റെ അതേ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന നിലയിലെത്തിയിരുന്നു.
എന്നാല്‍ സോഫി മോളിനിയക്‌സ് എറിഞ്ഞ എട്ടാം ഓവറില്‍ മത്സരം അപ്പാടെ മാറിമറിഞ്ഞു. എട്ടാം ഓവറില്‍ ആദ്യം ഷെഫാലിയെയും പിന്നാലെ ജെമീമ റോഡ്രിഗസിനെയും അല്‍സ്‌ക്‌സ് കാപ്‌സിയെയും സോഫി മടക്കിയയച്ചതോടെ മത്സരത്തില്‍ ബാംഗ്ലൂര്‍ പിടിമുറുക്കി. പിന്നാലെ സ്പിന്‍ ആക്രമണവുമായി ആശ ശോഭന,ജോര്‍ജിയ വെയര്‍ഹാം,ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ കൂടിയെത്തിയപ്പോള്‍ 18.3 ഓവറില്‍ 113 റണ്‍സിന് ഡല്‍ഹി ഓള്‍ ഔട്ടാവുകയായിരുന്നു. 27 പന്തില്‍ 44 റണ്‍സുമായി ഷെഫാലി വര്‍മയും 23 പന്തില്‍ 23 റണ്‍സുമായി മെഗ് ലാന്നിങ്ങും മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ വളരെ സാവധാനത്തിലാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ധൃതി വെക്കാതെ വിക്കറ്റുകള്‍ സൂക്ഷിച്ചുകൊണ്ട് ബാംഗ്ലൂര്‍ അനായാസം ലക്ഷ്യത്തിലെത്തി. ബാംഗ്ലൂരിന് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാന 31 റണ്‍സും സോഫി ഡിവൈന്‍ 32 റണ്‍സും നേടി പുറത്തായി. 35 റണ്‍സുമായി എല്ലിസ് പെറിയും 17 റണ്‍സുമായി റിച്ചാഘോഷുമായിരുന്നു മത്സരം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.
വിജയത്തോടെ 16 വര്‍ഷങ്ങളായുള്ള പരിഹാസങ്ങള്‍ക്ക് കൂടിയാണ് ബാംഗ്ലൂര്‍ വനിതകള്‍ വിരാമമിട്ടത്. ഐപിഎല്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഈ സാല 2 കപ്പ് നമ്‌ദേയെന്നാണ് ഈ വര്‍ഷത്തെ ആര്‍സിബിയുടെ മുദ്രാവാക്യം.