ഇന്ത്യ - ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. പരിക്കിനെ തുടര്‍ന്ന് 2 വര്‍ഷക്കാലത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നത്. ഈ സാഹചര്യത്തിലാണ് റിഷഭ് പന്ത് എത്രമാത്രം മികച്ച താരമാണ് എന്നത് റിക്കി പോണ്ടിംഗ് വ്യക്തമാക്കിയത്.
റിഷഭ് പന്ത് കളിക്കുന്നത് നമ്മളെല്ലാം കണ്ടിട്ടുള്ളതാണ്. സ്റ്റമ്പിന് പിന്നില്‍ അവന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം കണ്ടതാണ്. അവന്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. ഒരു ചാമ്പ്യന്‍ പ്ലെയറാണ് അവന്‍. പന്ത് ഒരിക്കലും കുറച്ച് റണ്‍സെടുക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന ആളല്ല. അതില്‍ ആഹ്‌ളാദം കണ്ടെത്തുന്നവനാണ്. ഇപ്പോള്‍ തന്നെ ടെസ്റ്റില്‍ 4-5 സെഞ്ചുറികള്‍ അവന്‍ നേടികഴിഞ്ഞു. ധോനിക്ക് ഈ നേട്ടത്തിലെത്താന്‍ 90 ടെസ്റ്റുകളോളം വേണ്ടിവന്നു. അത് തന്നെ റിഷഭ് പന്തിന്റെ പ്രതിഭ എത്രമാത്രമെന്ന് തെളിയിക്കുന്നതാണ്. പോണ്ടിംഗ് പറഞ്ഞു.
അവസാനം റിഷഭ് പന്ത് കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് താരം നടത്തിയത്. 5 ഇന്നിങ്ങ്‌സില്‍ നിന്ന് 68.50 ശരാശരിയില്‍ 274 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.