ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അവസാനിച്ച ഐപിഎല്ലിലെ മികച്ച പ്രകടനമികവില്‍ ഇന്ത്യയുടെ ലോകകപ്പ് വിക്കറ്റ് കീപ്പിംഗ് താരമെന്ന നിലയില്‍ റിഷഭ് പന്തിനേക്കാള്‍ മുന്‍തൂക്കമുണ്ടായിരുന്ന താരമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. മികച്ച ഫോമിലുള്ള റിഷഭ് പന്തിനെ ടീം ആദ്യം പരിഗണിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും നിലവിലെ മികച്ച ഫോം സഞ്ജുവിന് അനുകൂലമായിരുന്നു. ഇത് കൂടാതെ ഐപിഎല്ലില്‍ ഇരുതാരങ്ങളും വ്യത്യസ്ത പൊസിഷനുകളിലാണ് കളിച്ചിരുന്നത്. അതിനാല്‍ തന്നെ റിഷഭ് പന്തുള്ള ടീമില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററാകാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നു.
എന്നാല്‍ ലോകകപ്പ് സന്നാഹമത്സരത്തില്‍ സഞ്ജു സാംസണിന് ഓപ്പണിംഗിലും റിഷഭ് പന്തിന് സഞ്ജുവിന്റെ സ്ഥാനമായ മൂന്നാം നമ്പര്‍ പൊസിഷനുമാണ് രോഹിത് നല്‍കിയത്. സഞ്ജു സന്നാഹമത്സരത്തില്‍ പരാജയമാവുകയും റിഷഭ് പന്ത് തിളങ്ങുകയും ചെയ്തതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 2 മത്സരങ്ങളിലും റിഷഭ് പന്തിനാണ് അവസരം ലഭിച്ചത്. ഇന്ത്യയ്ക്കായി മൂന്നാം നമ്പര്‍ പൊസിഷനിലാണ് താരം കളിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ ബാറ്റിംഗ് സ്ഥാനവും അനിശ്ചിതത്ത്വത്തില്‍ ആയിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് ആരാണെന്ന് മാത്രമെ ലോകകപ്പിന് മുന്‍പ് ഉറപ്പുണ്ടായിരുന്നുവെന്നും മത്സരങ്ങള്‍ക്കനുസരിച്ച് ടീം കോമ്പിനേഷന്‍ മാറുമെന്നുമാണ് രോഹിത് ശര്‍മ ഇതിനെ പറ്റി പറയുന്നത്. ഇത് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണെങ്കിലും ഐപിഎല്ലില്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നാം നമ്പര്‍ പൊസിഷന്‍ സഞ്ജുവിന് ഇനി ലഭിക്കാന്‍ സാധ്യതയില്ല. ഓള്‍ റൗണ്ടര്‍ താരം ശിവം ദുബെ ആദ്യ 2 മത്സരങ്ങളിലും പരാജയമായ സാഹചര്യത്തില്‍ സഞ്ജു സാംസണിന് ടീമില്‍ അവസരമൊരുങ്ങിയേക്കാം. അങ്ങനെയെങ്കില്‍ മധ്യനിരയിലാകും സഞ്ജുവിന് അവസരം ലഭിക്കുക.
ടീമിലെ ഇടം കയ്യന്‍ ബാറ്ററാണെന്നതും പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി കളിക്കുന്ന പന്തിന് ഒരു മത്സരത്തെ മാറ്റി മറിയ്ക്കാനാവുന്നതും പന്തിന് അനുകൂലഘടകങ്ങളാണ്. ടീം മാനേജ്‌മെന്റിന്റെ പിന്തുണയ്ക്ക് പുറമെ കളിക്കളത്തില്‍ ഭാഗ്യത്തിന്റെ ആനുകൂല്യവും പന്തിന് ലഭിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 3 തവണയാണ് പന്തിനെ പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഇങ്ങനെയെല്ലാമാണെങ്കിലും എഡ്ജുകളിലൂടെ പോലും സ്‌കോര്‍ ഉയര്‍ത്താന്‍ റിഷഭ് പന്തിനായിരുന്നു. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങളിലും റിഷഭ് പന്ത് തന്നെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മൂന്നാം സ്ഥാനത്തെത്തുക.