ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പേസർമാർക്ക് അനുകൂലമായ ഓസ്ട്രേലിയൻ പിച്ചുകളിൽ നിന്നും മുഹമ്മദ് ഷമിയെ ഒഴിവാക്കിയ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. പേസിനെ പിന്തുണയ്ക്കുന്ന ഓസീസ് പിച്ചിൽ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി ടി20 ക്രിക്കറ്റിൽ സജീവമല്ലാതിരുന്ന ആർ അശ്വിൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ നായകനും കോച്ചും ചേർന്ന് എതിർത്തുവെന്നും പകരം അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഇരുവരും വാദിച്ചെന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. പ്രമുഖ സ്പോർട്സ് മാധ്യമമായ ഇൻസൈഡ് സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സെലക്ടർമാർ ഷമിയെ പിന്തുണച്ചപ്പോൾ അശ്വിൻ്റേത് വൈവിധ്യമേറിയ ബൗളിങ്ങാണെന്ന് ദ്രാവിഡും രോഹിത്തും ചേർന്ന് വാദിക്കുകയായിരുന്നു. ഇരുവരും തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് ഷമിക്ക് പകരം അശ്വിന് വിളിയെത്തിയത്.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും ഓസീസിനുമെതിരെ നാട്ടിൽ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഷമിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.