Rohit Sharma: രോഹിത് ഫ്രീ വിക്കറ്റോ? പൂജ്യത്തിനു മടങ്ങി ഇന്ത്യന്‍ നായകന്‍; ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും മികച്ച ഫോമില്‍ ഉള്ള രോഹിത് ടെസ്റ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്
Rohit Sharma: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു മടങ്ങി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സമീപകാലത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിറംമങ്ങിയ ഫോമിലാണ് രോഹിത്. കഴിഞ്ഞ 11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 29.26 ശരാശരിയില്‍ വെറും 556 റണ്‍സ് മാത്രമാണ് രോഹിത് സ്‌കോര്‍ ചെയ്തിരിക്കുന്നത്.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും മികച്ച ഫോമില്‍ ഉള്ള രോഹിത് ടെസ്റ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തിരിക്കെ രോഹിത്തിന്റെ ഫോംഔട്ട് ഇന്ത്യക്ക് തലവേദനയാകുന്നു. 6, 5, 23, 8, 2, 52, 0 എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍. അവസാന ഏഴ് ഇന്നിങ്‌സില്‍ അഞ്ച് തവണയും രോഹിത് രണ്ടക്കം കാണാതെ പുറത്തായി.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം പാദത്തില്‍ മാത്രം എട്ട് തവണയാണ് രോഹിത് രണ്ടക്കം കാണാതെ പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒന്‍പത് തവണ രണ്ടക്കം കാണാതെ പുറത്തായ ജസ്പ്രീത് ബുംറ മാത്രമാണ് ഈ പട്ടികയില്‍ രോഹിത്തിനു മുന്നില്‍ ഉള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറിയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം. ക്യാപ്റ്റന്‍ ആയതുകൊണ്ട് മാത്രം രോഹിത്തിനെ ഇനിയും ടെസ്റ്റില്‍ തുടരാന്‍ അനുവദിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ആരാധകര്‍ പങ്കുവെയ്ക്കുന്നു.