Rohit Sharma Catch: 'പ്രായം വെച്ച് ആളെ അളക്കല്ലേ..' ലിറ്റണ്‍ ദാസിനെ പറന്നുപിടിച്ച് രോഹിത് ശര്‍മ (വീഡിയോ)
സിറാജ് അടക്കമുള്ള സഹതാരങ്ങള്‍ക്കു രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല
Publish Date: Mon, 30 Sep 2024 (11:35 IST)
Updated Date: Mon, 30 Sep 2024 (11:43 IST)
Rohit Sharma Catch: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അമ്പരപ്പിക്കുന്ന ക്യാച്ചെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാനാണ് രോഹിത്തിന്റെ അവിശ്വസനീയമായ ക്യാച്ച്. മിഡ് ഓഫീല്‍ വണ്‍ ഹാന്‍ഡഡ് ക്യാച്ചിലൂടെയാണ് രോഹിത് എല്ലാവരേയും ഞെട്ടിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 50-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം.
29 പന്തില്‍ 13 റണ്‍സുമായി നില്‍ക്കുകയായിരുന്നു ലിറ്റണ്‍ ദാസ്. സിറാജിന്റെ പന്ത് മിഡ് ഓഫിനു മുകളിലൂടെ അടിച്ചുപറത്താനുള്ള ലിറ്റണ്‍ ദാസിന്റെ ശ്രമത്തെ വായുവില്‍ പറന്നുപിടിച്ച് ഇന്ത്യന്‍ നായകന്‍ പരാജയപ്പെടുത്തി. സിറാജ് അടക്കമുള്ള സഹതാരങ്ങള്‍ക്കു രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല. ശുഭ്മാന്‍ ഗില്‍ ഇതുകണ്ട് തലയില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മഴയെ തുടര്‍ന്ന് കാന്‍പൂര്‍ ടെസ്റ്റിന്റെ രണ്ടും മൂന്നും ദിവസങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 63 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സ് പോലും കഴിയാത്ത സാഹചര്യത്തില്‍ ഈ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.