ന്യൂസിലന്‍ഡിനെതിരെ ബെംഗളുരു ക്രിക്കറ്റ് ടെസ്റ്റിനിടെ റിഷഭ് പന്തിന്റെ കാലിനേറ്റ പരിക്കിന്റെ വിശദാംശങ്ങളുമായി നായകന്‍ രോഹിത് ശര്‍മ. രണ്ടാം ദിവസത്തെ കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് റിഷഭ് പന്തിന്റെ പരിക്കിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് രോഹിത് മറുപടി നല്‍കിയത്. ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സില്‍ രവീന്ദ്ര ജഡേജയെറിഞ്ഞ 37മത് ഓവറില്‍ പന്ത് കാല്‍മുട്ടിലിടിച്ചാണ് റിഷഭ് പന്തിന് പരിക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ പന്തിന്റെ കാലില്‍ ഐസ് പാക്ക് വെച്ചാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. പന്തിന് പകരം ധ്രുവ് ജുറലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കാക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ ജഡേജയെറിഞ്ഞ പന്ത് റിഷഭിന്റെ കാല്‍മുട്ടിലെ ചിരട്ടയിലാണ് കൊണ്ടതെന്നും 2 വര്‍ഷം മുന്‍പ് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഇടതുകാല്‍ മുട്ടിലാണ് പരിക്കെന്നും രോഹിത് പറഞ്ഞു. റിഷഭ് പന്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാവില്ല. അതുപോലെ ശസ്ത്രക്രിയ ചെയ്ത കാലായതിനാല്‍ റിസ്‌കെടുത്ത് കളിക്കാന്‍ പന്തും തയ്യാറായിരുന്നില്ല. പന്ത് കൊണ്ടപ്പോള്‍ തന്നെ അവിടെ നീര് വന്നിരുന്നു. അതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ പന്തിനെ മാറ്റിനിര്‍ത്തിയത്. രോഹിത് പറഞ്ഞു. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20 റണ്‍സുമായി റിഷഭ് പന്തായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.