ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലെത്തി ഇന്ത്യയുടെ ഹിറ്റ്‌മാൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ കരിയർ ബെസ്റ്റായ എട്ടാം സ്ഥാനത്തേക്കെത്തിച്ചത്. 2019ന് ശേഷം ടെസ്റ്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് രോഹിത് നടത്തുന്നത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ രോഹിത് രണ്ടാം ടെസ്റ്റില്‍ 161 റണ്‍സാണ് അടിച്ചെടുത്തത്.മൂന്നാം ടെസ്റ്റില്‍ മറ്റ് ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 25 റൺസും രോഹിത് നേടിയിരുന്നു.
അതേസമയം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി 10ആം സ്ഥാനത്തേക്കെത്തി. കെയ്‌ൻ വില്യംസൺ,സ്റ്റീവ് സ്മിത്ത്,ലബുഷെയ്‌ൻ,ജോ റൂട്ട്,വിരാട് കോലി എന്നിവരാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളത്. അതേസമയം ബൗളിങ് റാങ്കിങ്ങില്‍ ആര്‍ അശ്വിനും നേട്ടമുണ്ടാക്കി. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ നാല് സ്ഥാനം ഉയര്‍ന്ന അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ആദ്യ പത്തിലുള്ള ഏക സ്പിന്നർ കൂടിയാണ് അശ്വിൻ.