Rohit Sharma: ചെറിയ വിഷമമൊക്കെയുണ്ട്, പക്ഷേ ടീമിനു വേണ്ടി ഞാന്‍ ചെയ്യുന്നു; രോഹിത് 'ദ് റിയല്‍ ക്യാപ്റ്റന്‍'
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരേന്ദര്‍ സെവാഗിനെ ഓപ്പണിങ് ഇറങ്ങാന്‍ വേണ്ടി അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതിനോടാണ് രോഹിത്തിന്റെ 'ത്യാഗ'ത്തെ ക്രിക്കറ്റ് ആരാധകര്‍ ഉപമിക്കുന്നത്
Rohit Sharma: ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറുന്നതില്‍ ചെറിയ പ്രയാസം ഉണ്ടെങ്കിലും ടീമിനു വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യുമെന്നും താന്‍ മധ്യനിരയില്‍ ഇറങ്ങുമെന്നും രോഹിത് വ്യക്തമാക്കി. ഒന്നാം ടെസ്റ്റിലെ രാഹുലിന്റെ ബാറ്റിങ് ഗംഭീരമായിരുന്നെന്നും രോഹിത് പറഞ്ഞു.
' രാഹുല്‍ ഓപ്പണ്‍ ചെയ്യും. ഞാന്‍ മധ്യനിരയില്‍ എവിടെയെങ്കിലും ബാറ്റ് ചെയ്യും. ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറുന്നത് വ്യക്തിപരമായി അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ടീമിനു വേണ്ടി തീര്‍ച്ചയായും..! ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം നമുക്ക് ജയിക്കണം, അനുകൂലമായ ഫലം വേണം. അവര്‍ രണ്ട് പേരും (കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍) ഓപ്പണിങ്ങില്‍ വളരെ മികച്ചതായി ബാറ്റ് ചെയ്യുന്നതായി ആദ്യ ടെസ്റ്റില്‍ കണ്ടു. ഞാന്‍ എന്റെ കുഞ്ഞുമായി വീട്ടില്‍ ഇരുന്ന് കെ.എല്‍.രാഹുല്‍ ബാറ്റ് ചെയ്യുന്നത് കണ്ടു. സത്യസന്ധമായി പറഞ്ഞാല്‍ ആ കാഴ്ച വളരെ സുന്ദരമായിരുന്നു. ആ കോംബിനേഷന്‍ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' രോഹിത് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരേന്ദര്‍ സെവാഗിനെ ഓപ്പണിങ് ഇറങ്ങാന്‍ വേണ്ടി അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതിനോടാണ് രോഹിത്തിന്റെ 'ത്യാഗ'ത്തെ ക്രിക്കറ്റ് ആരാധകര്‍ ഉപമിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത് സൗരവ് ഗാംഗുലിയായിരുന്നു. വിരേന്ദര്‍ സെവാഗ് തുടക്കത്തില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. സെവാഗിന്റെ ബാറ്റിങ് മികവും ഇന്ത്യയുടെ ഭാവിയും മുന്നില്‍കണ്ട് ഗാംഗുലി അന്ന് തന്റെ ഓപ്പണര്‍ സ്ഥാനം ഉപേക്ഷിച്ചു. മികച്ച ഫോമില്‍ ആയിരുന്നിട്ടും സെവാഗിനു വേണ്ടി തന്റെ ഓപ്പണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ ഗാംഗുലി തയ്യാറായി. അതുകൊണ്ടാണ് സച്ചിന്‍ - സെവാഗ് ഓപ്പണിങ് ജോഡി ഇന്ത്യക്ക് ലഭിച്ചത്. സമാന രീതിയില്‍ രാഹുലിനു വേണ്ടി രോഹിത് ശര്‍മയും തനിക്ക് പ്രിയപ്പെട്ട ഓപ്പണിങ് സ്ഥാനം ഒഴിയുകയാണ്.