ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ നിര്‍ണായകതീരുമാനങ്ങള്‍. നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറുമെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 ടീമിനെ തിരെഞ്ഞെടുത്തതും ഇതേ യോഗത്തിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുമുള്ള ടീമിനെയും ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
നിലവിലെ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ് യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളുണ്ടായത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീം നായകനായി രോഹിത്തിനെ നിലനിര്‍ത്താന്‍ ധാരണയായി. ചാമ്പ്യന്‍സ് ട്രോഫിയ്ലെ പ്രകടനമാകും രോഹിത്തിന്റെ ഭാവിയെ തീരുമാനിക്കുക. ഏകദിനത്തിലും ടെസ്റ്റിലും ബുമ്രയായിരിക്കും രോഹിത്തിന് ശേഷം നായകനാവുക. അതേസമയം മോശം ഫോമില്‍ തുടരുന്ന സൂപ്പര്‍ താരം കോലിയ്ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കുമെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാകും.