Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പോയി അടിക്കെടാ പിള്ളേരെ'; ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുന്‍പ് രോഹിത് നല്‍കിയ നിര്‍ദേശം

ഒന്നാം ഇന്നിങ്‌സില്‍ വെറും 34.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്

Rohit Sharma and Yashaswi Jaiswal

രേണുക വേണു

, ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (10:17 IST)
Rohit Sharma and Yashaswi Jaiswal

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശുന്ന ഇന്ത്യയെയാണ് ആരാധകര്‍ കണ്ടത്. കാന്‍പൂര്‍ ടെസ്റ്റിന്റെ രണ്ടും മൂന്നും ദിനങ്ങള്‍ മഴയെ തുടര്‍ന്ന് പൂര്‍ണമായി ഉപേക്ഷിച്ചതിനാല്‍ മത്സരത്തിനു ഫലം കാണണമെങ്കില്‍ ഇങ്ങനെയൊരു ശൈലി പ്രയോഗിക്കണമെന്ന് നായകന്‍ രോഹിത് ശര്‍മ ഉറപ്പിച്ചിരുന്നു. സഹ ഓപ്പണര്‍ യഷസ്വി ജയ്‌സ്വാളിനൊപ്പം വെടിക്കെട്ടിനു തിരി കൊളുത്തിയത് നായകന്‍ തന്നെയാണ്. പിന്നെ വരുന്നവരും പോകുന്നവരും അടിയോടടി..! 
 
ഒന്നാം ഇന്നിങ്‌സില്‍ വെറും 34.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 52 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. വെറും പത്ത് ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം നൂറ് റണ്‍സ് നേടുന്ന ടീമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ സ്വന്തമാക്കി. 
 
വെറും 11 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. യഷസ്വി ജയ്‌സ്വാള്‍ 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതം 72 റണ്‍സ് നേടി. പിന്നാലെ വന്ന ശുഭ്മാന്‍ ഗില്‍ (36 പന്തില്‍ 39), വിരാട് കോലി (35 പന്തില്‍ 47), കെ.എല്‍.രാഹുല്‍ (43 പന്തില്‍ 68) എന്നിവരും അതിവേഗം സ്‌കോര്‍ ചെയ്തു. ഒന്‍പതാമനായി ക്രീസിലെത്തിയ ആകാശ് ദീപ് (അഞ്ച് പന്തില്‍ 12) വരെ തകര്‍ത്തടിക്കാന്‍ ശ്രമം നടത്തി. 
 
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുന്‍പ് തന്നെ മത്സരത്തിനു ഫലം കാണണമെങ്കില്‍ ആക്രമിച്ചു കളിക്കണമെന്ന നിര്‍ദേശം രോഹിത് ടീം അംഗങ്ങള്‍ക്ക് നല്‍കിയിരുന്നതായി കെ.എല്‍.രാഹുല്‍ പറഞ്ഞു. ' നായകനില്‍ നിന്ന് ഞങ്ങള്‍ക്കു ലഭിച്ച സന്ദേശം ക്ലിയര്‍ ആയിരുന്നു. കാലാവസ്ഥയെ തുടര്‍ന്ന് ഈ മത്സരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. എന്നാല്‍ ശേഷിക്കുന്ന സമയം കൊണ്ട് ഞങ്ങള്‍ക്കു എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയണമായിരുന്നു. ഇടയ്ക്കുവെച്ച് ഞങ്ങള്‍ക്ക് ചില വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അപ്പോഴും രോഹിത്തില്‍ നിന്നുള്ള സന്ദേശം വ്യക്തമായിരുന്നു. വിക്കറ്റുകള്‍ പോകുന്നത് കാര്യമാക്കേണ്ട, ആക്രമിച്ചു കളിക്കൂ എന്ന് തന്നെയായിരുന്നു രോഹിത്തിന്റെ നിലപാട്. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചു,' രാഹുല്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 യില്‍ ഏകദിനം കളിക്കും, ടെസ്റ്റില്‍ ട്വന്റി 20 കളിക്കും; രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ