ഗില്ലിനെ 'അരുമപുത്രനാക്കി' ബിസിസിഐ; നന്നായി കളിച്ചിട്ടും പുറത്ത് നില്‍ക്കുന്ന ഗെയ്ക്വാദ് !
ട്വന്റി 20 യിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ടീമില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് ഗെയ്ക്വാദ്
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെ ഉപനായകനാക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനം. ഐപിഎല്ലില്‍ പോലും മികച്ച ക്യാപ്റ്റനാവാന്‍ സാധിക്കാത്ത ഗില്ലിനെ ഇന്ത്യയുടെ ഭാവി നായകനായി ബിസിസിഐ കാണുന്നതിലെ ഔചിത്യമില്ലായ്മയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ട്വന്റി 20 സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ പോലും യോഗ്യത ഇല്ലാത്ത ഗില്ലിനെ ഉപനായകന്‍ കൂടിയാക്കിയത് മണ്ടത്തരമായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ട്വന്റി 20 യിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ടീമില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് ഗെയ്ക്വാദ്. ഇന്ത്യക്കായി 20 ഇന്നിങ്‌സുകളില്‍ നിന്ന് 143.53 സ്‌ട്രൈക് റേറ്റില്‍ 633 റണ്‍സാണ് ഗെയ്ക്വാദ് നേടിയിരിക്കുന്നത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. മറുവശത്ത് 19 ഇന്നിങ്‌സുകളില്‍ നിന്ന് 139.50 സ്‌ട്രൈക് റേറ്റില്‍ 505 റണ്‍സ് മാത്രമാണ് ഗില്‍ ട്വന്റി 20 യില്‍ നേടിയിരിക്കുന്നത്. ഏകദിന ശൈലിയിലാണ് ഗില്‍ ട്വന്റി 20 യിലും ബാറ്റ് ചെയ്യുന്നതെന്ന വിമര്‍ശനം പലതവണ ഉയര്‍ന്നിട്ടുള്ളതാണ്. എന്നിട്ടും ഗില്ലിനെ വീണ്ടും പിന്തുണയ്ക്കുന്നതും ഗെയ്ക്വാദിനെ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്താതിരിക്കുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരാധകര്‍ ചോദിക്കുന്നു.
ട്വന്റി 20 യില്‍ വിരാട് കോലിയുടെ അസാന്നിധ്യം ഒരുപരിധി വരെ മറികടക്കാന്‍ സാധിക്കുക ഗെയ്ക്വാദിനെ കൊണ്ടാണ്. വണ്‍ഡൗണില്‍ ആംഗര്‍ ചെയ്തു കളിക്കാനും ആക്രമിച്ചു സ്‌കോര്‍ ചെയ്യേണ്ട സമയത്ത് അതിനും ഗെയ്ക്വാദിനു സാധിക്കും. കോലിയെ പോലെ സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യാനുള്ള കഴിവും ഗെയ്ക്വാദിനുണ്ട്. അത്തരത്തിലൊരു താരത്തെ ഭാവിയിലേക്ക് വളര്‍ത്തി കൊണ്ടുവരേണ്ടതിനു പകരം ഗില്ലിനെ അടുത്ത സൂപ്പര്‍സ്റ്റാര്‍ മെറ്റീരിയല്‍ ആയി കണ്ട് തുടര്‍ച്ചയായി അവസരം നല്‍കാനാണ് ബിസിസിഐയുടെ ശ്രമം. ഇത് ഇന്ത്യക്ക് ഭാവിയില്‍ വിനയാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.