ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടെങ്കിലും ബൗളിംഗിനിടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ബൗളിംഗിനിടെ കാല്‍ക്കുഴ തെറ്റിയ ബുമ്ര മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ തന്‍റെ ആറാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞശേഷമുള്ള ഫോളോ ത്രൂവിലാണ് ബുമ്രുടെ വലതു കാല്‍ക്കുഴ തിരിഞ്ഞത്. വേദനകൊണ്ട് നിലത്തിരുന്ന ബുമ്ര പിന്നീട് ടീം ഫിസിയോ നിതിന്‍ പട്ടേലിനൊപ്പം മുടന്തി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്.
ബുമ്രയുടെ വലത് കാൽക്കുഴയിൽ വേദനയുണ്ടെന്നും ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗിനിറങ്ങിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. മത്സരത്തിൽ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനെ ബുമ്ര മടക്കിയിരുന്നു.മത്സരത്തില്‍ 5.5 ഓവര്‍ എറിഞ്ഞ ബുമ്ര 12 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.