വിരാട് കോലിയുടെ ഒരു പ്രവൃത്തി കണ്ട് താന്‍ വികാരഭരിതനായി നിന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒന്‍പത് വര്‍ഷം മുന്‍പത്തെ അനുഭവമാണ് സച്ചിന്‍ ഓര്‍ത്തെടുത്തത്. കോലി തനിക്കായി നീട്ടിയ ഒരു സമ്മാനം കണ്ടാണ് കണ്ണ് നിറഞ്ഞതെന്ന് സച്ചിന്‍ പറയുന്നു.
തന്റെ അവസാന ടെസ്റ്റ് മത്സരത്തിനു ശേഷം കോലി നല്‍കിയ സമ്മാനമാണ് അതെന്ന് സച്ചിന്‍ ഓര്‍ക്കുന്നു. ' ഞാനിപ്പോഴും ഓര്‍ക്കുന്നു. അന്ന് ഡ്രസിങ് റൂമില്‍ ഞാന്‍ തിരിച്ചെത്തിയ സമയമായിരുന്നു അത്. കണ്ണുകള്‍ നിറഞ്ഞിരിക്കുകയാണ്. അവസാന പന്തായപ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നു ഇനിയൊരിക്കലും ഇന്ത്യയ്ക്കായി ഒരു രാജ്യാന്തര മത്സരം കളിക്കാന്‍ വരാന്‍ എനിക്ക് കഴിയില്ലെന്ന്. എനിക്ക് കണ്ണീരടക്കാന്‍ സാധിച്ചിരുന്നില്ല. ഏറെ വേദന തോന്നി. അപ്പോഴാണ് വിരാട് കോലി എന്റെ അടുത്തേക്ക് എത്തിയത്. അദ്ദേഹം എനിക്കൊരു സമ്മാനം നല്‍കി. അദ്ദേഹത്തിന്റെ പിതാവ് കൊടുത്ത ഒരു പവിത്രമായ ചരടായിരുന്നു അത്. കുറച്ച് നേരം ഞാന്‍ അത് സൂക്ഷിച്ചുനോക്കി. എന്നിട് കോലിക്ക് തന്നെ തിരിച്ചുനല്‍കി. അതൊരു അമൂല്യമായ വസ്തുവാണെന്നും നിനക്കൊപ്പം തന്നെയാണ് അത് ഉണ്ടാകേണ്ടതെന്നും കോലിയോട് പറഞ്ഞു. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്,' അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാഹം ബെന്നിനോട് ഒരു ഷോയില്‍ സംസാരിക്കവേ സച്ചിന്‍ പറഞ്ഞു.