ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിന് തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതിഹാസ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് തന്നെ സച്ചിന്റെ പേരില്‍ കൂടിയാണ്. ബാറ്റിങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ബൗളിങ്ങിലും ഇന്ത്യയ്ക്ക് ഒരു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉണ്ടെന്നാണ് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി പറഞ്ഞിരിക്കുന്നത്.
സഹീര്‍ ഖാനെയാണ് ഇന്ത്യന്‍ ബൗളിങ് ലൈനപ്പിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന് ധോണി വിശേഷിപ്പിച്ചത്. ഇന്ത്യ 2011 ല്‍ ലോകകപ്പ് നേടിയപ്പോള്‍ 11 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടിയ ബൗളറാണ് സഹീര്‍ ഖാന്‍. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ സഹീര്‍ നിര്‍ണായക സ്വാധീനം വഹിച്ചു.
സഹീര്‍ ഖാന്റെ 42-ാം ജന്മദിനമാണ് ഇന്ന്. 1978 ഒക്ടോബര്‍ ഏഴിന് മഹാരാഷ്ട്രയിലാണ് സഹീര്‍ ജനിച്ചത്. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 311 വിക്കറ്റുകളും 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റുകളും സഹീര്‍ ഖാന്‍ നേടിയിട്ടുണ്ട്.