ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ യുവതാരം പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിരട് കോലി നായകനായിരുന്ന സമയത്തായിരുന്നു പ്രസിദ്ധ് ഇത്തരമൊരു പ്രകടനം നടത്തിയിരുന്നതെങ്കില്‍ മറ്റൊരു തവണ താരം ടെസ്റ്റില്‍ കളിക്കില്ലായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറയുന്നു.
പ്രമുഖ കായികമാധ്യമമായ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയോട് സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍. പ്രസിദ്ധിന് പകരം മുകേഷ് കുമാറിനെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇത്രയും പ്രശ്‌നമുണ്ടാക്കില്ലായിരുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. കളിക്കാര്‍ക്ക് ലോങ് റണ്‍ കൊടുക്കുക എന്ന നിലപാടാണ് ടീമിനുള്ളത്. അതിനാല്‍ തന്നെ മോശം പ്രകടനം നടത്തിയെങ്കിലും അടുത്ത മത്സരത്തിലും പ്രസിദ്ധ് കളിക്കുമെന്ന് കരുതുന്നു. ഇത് പക്ഷേ കോലി ശാസ്ത്രി കാലത്തായിരുന്നുവെങ്കില്‍ പ്രസിദ്ധിന് ഒരു ദയയും ലഭിക്കുമായിരുന്നില്ല. കോലിയും ശാസ്ത്രിയും അവനെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു. മഞ്ജരേക്കര്‍ പറഞ്ഞു. മത്സരത്തില്‍ ദയനീയമായ പ്രകടനമായിരുന്നു പ്രസിദ്ധ് കൃഷ്ണ നടത്തിയത്. 20 ഓവറില്‍ 93 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് മാത്രമായിരുന്നു മത്സരത്തില്‍ നേടിയത്.