വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ ടെസ്റ്റില്‍ ഇന്ത്യയെ ആര് നയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ജസ്പ്രീത് ബുമ്രയുടെ പേര് പരിഗണനയില്‍ വന്നെങ്കിലും തുടര്‍ച്ചയായി കളിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും എന്നതിനാല്‍ യുവതാരങ്ങളെയാണ് നിലവില്‍ നായകസ്ഥാനത്തിനായി ഇന്ത്യ പരിഗണിക്കുന്നത്.
കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. ബിസിസിഐയ്ക്ക് ഗില്ലിനെ 3 ഫോര്‍മാറ്റിലെയും നായകനായി ഉയര്‍ത്തി കാണിക്കാനാണ് താത്പര്യം. അതിനാല്‍ ടെസ്റ്റ് നായകസ്ഥാനവും ഗില്ലിന് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ബുമ്ര അല്ലാതെ മറ്റൊരു താരത്തെ നായകനായി പരിഗണിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ജസ്പ്രീത് ബുമ്രയ്ക്ക് അപ്പുറം ഒരു താരത്തെ അന്വേഷിക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. നിരന്തരമായ പരിക്കാണ് പ്രശ്‌നമായി പറയുന്നതെങ്കില്‍ ഉപനായകനെ നിങ്ങള്‍ ബുദ്ധിപൂര്‍വം തിരെഞ്ഞെടുക്കു. മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു. 31കാരനായ ബുമ്ര 2022ല്‍ ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും 2024-25ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ 2 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചിരുന്നു. ഇതില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒരു മത്സരത്തില്‍ ഓസീസിനെ പരാജയപ്പെടുത്താന്‍ ബുമ്രയുടെ കീഴിലുള്ള ടീമിനായി. നായകനെന്ന നിലയില്‍ 3 ടെസ്റ്റില്‍ നിന്നും 15 വിക്കറ്റുകളും ബുമ്ര സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ബുമ്രയുടെ നായകത്വത്തിന് കീഴില്‍ പെര്‍ത്ത് ടെസ്റ്റിലായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിലും ബുമ്രയാണ് ഇന്ത്യയെ നയിച്ചത്.