സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീം നിലനിര്‍ത്തുന്ന താരങ്ങളില്‍ ജോസ് ബട്ട്ലര്‍ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടിരുന്നു.
ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ടീം വിടാന്‍ താല്പര്യം പ്രകടിപ്പിച്ചതിന് പിന്നില്‍ കഴിഞ്ഞ സീസണിന് മുന്‍പായി ടീം മാനേജ്‌മെന്റുമായുണ്ടായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. വൈഭവ് സൂര്യവന്‍ഷി ഓപ്പണിംഗ് റോളില്‍ തിളങ്ങിയതും റിയാന്‍ പരാഗിന് അമിത പ്രാധാന്യം നല്‍കുന്നതും സഞ്ജുവിന്റെ പുറത്തുപോക്കിന് പിന്നിലുണ്ടെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതകളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീം നിലനിര്‍ത്തുന്ന താരങ്ങളില്‍ ജോസ് ബട്ട്ലര്‍ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബട്ട്ലറിന് പകരം ഷിമ്രോണ്‍ ഹെറ്റ്‌മെയറെ നിലനിര്‍ത്താനാണ് ടീം താത്പര്യം കാണിച്ചത്. ബട്ട്ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് ശേഷം സഞ്ജു പ്രതികരിച്ചിരുന്നു. രാജസ്ഥാന്‍ കൈവിട്ട ബട്ട്ലറെ 15.75 കോടി മുടക്കി ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. 2025ലെ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 538 റണ്‍സുമായി ബട്ട്ലര്‍ തിളങ്ങുകയും ചെയ്തിരുന്നു.