Sanju Samson: ഇതില്‍ക്കൂടുതല്‍ എന്താണ് സഞ്ജു ചെയ്യേണ്ടത്? തിരിഞ്ഞുനോക്കാതെ ബിസിസിഐ, ഭാഗ്യമില്ലെന്ന് ആരാധകര്‍
2015 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് വെറും 28 കളികളില്‍ മാത്രമാണ്
Sanju Samson: സഞ്ജു സാംസണിന്റെ ഭാഗ്യക്കേടിനെ പഴിച്ച് ആരാധകര്‍. റിഷഭ് പന്തിന്റെ അസാന്നിധ്യത്തിലും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിന് സാധിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ക്രിക്കറ്റിലേക്ക് ഉടന്‍ തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സഞ്ജു പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്ക് ശേഷം മാത്രമേ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പരിഗണിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അതേസമയം, കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരേക്കാള്‍ കേമന്‍ സഞ്ജു തന്നെയാണ്.
2015 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് വെറും 28 കളികളില്‍ മാത്രമാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിനെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിഗണിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും മലയാളി താരത്തിനു നേരെ മുഖം തിരിച്ചു. പകരം ഇഷാന്‍ കിഷന് അവസരം നല്‍കി.
11 ഏകദിനത്തില്‍ നിന്ന് 66.0 ശരാശരിയോടെ 330 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 104.76 ആണ്. 13 ഏകദിനങ്ങള്‍ കളിച്ച ഇഷാന്‍ കിഷന്‍ 46.09 ശരാശരിയിലാണ് 507 റണ്‍സ് നേടിയിരിക്കുന്നത്. സമീപകാലത്ത് മോശം ഫോമിലാണ് ഇഷാന്‍. എന്നിട്ടും ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചു. സഞ്ജു പുറത്തിരിക്കേണ്ടി വന്നു. ഇതില്‍ കൂടുതല്‍ എന്താണ് സഞ്ജു ചെയ്തു കാണിച്ചുതരേണ്ടത് എന്നാണ് ടീം മാനേജ്‌മെന്റിനോട് സഞ്ജു ആരാധകരുടെ ചോദ്യം.