Sanju Samson: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ക്ക് അമര്‍ഷം. ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ബിസിസിഐയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളത്തില്‍ അടക്കം സഞ്ജു ആരാധകര്‍ തങ്ങളുടെ അമര്‍ഷം അറിയിച്ചു.
നിലവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ മികച്ച രീതിയില്‍ കളിക്കുന്ന ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ സഞ്ജുവാണ്. ആ താരത്തെ പുറത്തിരുത്തി ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നു. സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും ബിസിസിഐ പക്ഷപാതപരമായി ടീം സെലക്ഷനെ കാണുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ശ്രേയസ് അയ്യര്‍ക്ക് വേണ്ടിയാണ് സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നത്. എന്നാല്‍ നിലവില്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരേക്കാള്‍ മികച്ച ഫോമിലാണ് സഞ്ജു. എന്നിട്ടും അവസരം കൊടുക്കാത്തത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങളോട് ബിസിസിഐ കാണിക്കുന്ന അവഗണനയുടെ തെളിവാണെന്ന് ആരാധകര്‍ പറയുന്നു.
ട്വന്റി 20 യില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് എന്തിനാണെന്ന് സഞ്ജു ആരാധകര്‍ ചോദിക്കുന്നു. ദിനേശ് കാര്‍ത്തിക്കും ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിദേശത്ത് ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ കഷ്ടപ്പെടുന്ന ശ്രേയസും അയ്യരും സ്‌ക്വാഡില്‍ ഉണ്ട്. എന്നിട്ടും മികച്ച ഫോമിലുള്ള സഞ്ജുവിനെ അവഗണിച്ചത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം.
ലോകകപ്പ് മുന്നില്‍ കണ്ടാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ ലോകകപ്പ് ആലോചനകളില്‍ ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് സ്‌ക്വാഡില്‍ ഇല്ലാത്ത സഞ്ജു ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്