തുടര്‍ച്ചയായ 2 ഡക്കുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിപ്രകടനവുമായി കളം പിടിച്ചിരിക്കുകയാണ് സഞ്ജു സാംസണ്. പരമ്പരയിലെ അവസാന ടി20 മത്സരത്തിലും സെഞ്ചുറി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബൗളറായ ഷോണ്‍ പൊള്ളോക്ക്.
ടി20യിലെ സഞ്ജുവിന്റെ പ്രകടത്തെ റിഷഭ് പന്തിന്റെ പ്രകടനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് പൊള്ളോക്ക് സംസാരിച്ചത്. ടി20 ക്രിക്കറ്റില്‍ റിഷഭ് പന്തിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്ന് പൊള്ളോക്ക് പറയുന്നു. 76 ടി20 മത്സരങ്ങള്‍ കളിച്ചിട്ടും പന്തിന് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. എന്നാല്‍ 37 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറികളാണ് സഞ്ജു നേടിയതെന്നും പൊള്ളോക്ക് പറഞ്ഞു.