വരാനിരിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റിലും കെ എല്‍ രാഹുലിന് മടങ്ങിവരാനാകില്ലെന്ന് റിപ്പോര്‍ട്ട്. കാല്‍ത്തുടയിലെ ശസ്ത്രിക്രിയയ്ക്ക് ശേഷം ബെംഗളൂരുവില്‍ പരിശീലനം നടത്തുന്ന രാഹുല്‍ ഇതുവരെയും പൂര്‍ണ്ണമായ ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ല. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ താരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യരുടെ മടങ്ങിവരവിലും അനിശ്ചിതത്വം തുടരുകയാണ്.
ഇന്ത്യന്‍ ഏകദിന ടീമിലെ മധ്യനിരയിലെ നിര്‍ണായക താരങ്ങളാണ് ഇരുവരും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും മടങ്ങിയെത്താനായില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിടുക്കത്തില്‍ എത്തുക പ്രയാസകരമാകും. കെ എല്‍ രാഹുല്‍ തിരികെയെത്തുന്നതോടെ ഒരു അധിക ബാറ്ററെയോ ബൗളറെയോ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ രാഹുലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാകും നറുക്ക് വീഴുക. അതിനാല്‍ തന്നെ വരുന്ന വെസ്റ്റിന്‍ഡീസ് പര്യടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയാല്‍ വരുന്ന ഏഷ്യാകപ്പിനുള്ള ടീമിലും സഞ്ജുവിന് അവസരം ലഭിച്ചേക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുക.