ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും എവിടെ നിര്‍ത്തിയോ അതേയിടത്ത് നിന്നും സയ്യിദ് മുഷ്താഖ് അലി ടി20 പരമ്പരയില്‍ തുടക്കമിട്ടിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. സെഞ്ചുറി സ്വന്തമാക്കാനായില്ലെങ്കിലും 45 പന്തില്‍ നിന്നും 75 റണ്‍സുമായി കേരളത്തിനായി മികച്ച പ്രകടനമാണ് സഞ്ജു നേടിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ പ്രകടനത്തേക്കാളും പക്ഷേ ചര്‍ച്ചയായത് മത്സരത്തില്‍ സഞ്ജു ഉപയോഗിച്ച ജേഴ്‌സിയാണ്.
സമ്മി(SAMMY) എന്നാണ് സഞ്ജുവിന്റെ പുതിയ ജേഴ്‌സിയിലെ പേര്. എന്താണ് ഇതിന്റെ പിന്നിലെ കാരണമെന്ന് വ്യക്തമല്ലെങ്കിലും സഞ്ജുവിന്റെയും അച്ഛന്റെയും പേരിലെ ഭാഗങ്ങളിലും അമ്മ ലിജി വിശ്വനാഥിന്റെ ഭാഗങ്ങളും ചേര്‍ത്താണ് പുതിയ പേരെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും പേരിനെ പറ്റി പോസ്റ്റിട്ടുണ്ട്. പുതിയ പേരാണല്ലോ, ആരാണിത് എന്നാണ് സഞ്ജുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ് കുറിച്ചത്.
അതേസമയം മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തില്‍ സര്‍വീസസിനെതിരെ കേരളം 3 വിക്കറ്റിന് വിജയിച്ചു. സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്.