ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ സിംബാബ്വെ പര്യടനത്തില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയെങ്കിലും ടീം നായകനായി യുവതാരമായ ശുഭ്മാന്‍ ഗില്ലിനെ തിരെഞ്ഞെടുത്തത് സഞ്ജു ആരാധകരുടെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ നായകനായി മികവ് തെളിയിച്ച സഞ്ജു ഉള്ളപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ പരിചയമില്ലാത്ത ഗില്ലിനെ നായകനാക്കിയതായിരുന്നു സഞ്ജു ആരാധകരെ ചൊടിപ്പിച്ചത്.
ടി20 ലോകകപ്പ് കഴിഞ്ഞ് നാട്ടിലെത്താന്‍ വൈകിയതോടെ സിംബാബ്വെ പര്യടനത്തിലെ ആദ്യ 2 മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു. സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്. സഞ്ജുവിനെ ഉപനായകനാക്കിയതോടെ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാവി പദ്ധതികളില്‍ സഞ്ജുവും ഭാഗമാണെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. റുതുരാജ് ഗെയ്ക്ക്വാദിനെ മറികടന്ന് സഞ്ജുവിന് ഉപനായകസ്ഥാനം നല്‍കിയതിന് പിന്നില്‍ ഗംഭീര്‍ എഫ്ക്ടാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അടുത്ത മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനായാല്‍ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജുവിനെ നായകനാക്കി പരീക്ഷിക്കാനും ബിസിസിഐ തയ്യാറായേക്കും.
നിലവില്‍ താരത്തെ ഉപനായകനാക്കിയത് സഞ്ജു ഇന്ത്യയുടെ ഭാവിപദ്ധതികളില്‍ ഭാഗമാണെന്ന സൂചനയാണ് നല്‍കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത് എന്നിവരില്‍ ഒരാളാകും ടീമിന്റെ ഉപനായകനാകുന്നത്. ഗംഭീര്‍ ടീം കോച്ചാകുമ്പോള്‍ ടി20യില്‍ ഇതുവരെ മികവ് തെളിയിക്കാന്‍ സാധിക്കാത്ത പന്തിനെ പല മത്സരങ്ങളിലും മാറ്റി നിര്‍ത്താന്‍ സാധ്യതയുള്ളതായി ആരാധകര്‍ കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത സഞ്ജുവിനാകും.