Rajasthan Royals: പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത ടീം; തോല്‍ക്കാന്‍ കാരണം സഞ്ജുവിന്റെ മണ്ടന്‍ തീരുമാനം !
ഹാര്‍ഡ് ഹിറ്ററായ ജേസണ്‍ ഹോള്‍ഡറെ ബാറ്റ് ചെയ്യാന്‍ ഇറക്കിയില്ല എന്നതാണ് നായകന്‍ സഞ്ജുവിനെതിരെ ആരാധകര്‍ തിരിയാന്‍ കാരണം
Rajasthan Royals: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിന്റെ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍. രാജസ്ഥാന്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഒരുസമയത്ത് വളരെ അനായാസം രാജസ്ഥാന്‍ ജയിക്കുമെന്ന ഘട്ടമെത്തിയതാണ്. എന്നാല്‍ പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത ചില മണ്ടന്‍ തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.
190 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. കൂറ്റന്‍ സ്‌കോറിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂരിനെ 20 ഓവറില്‍ 189/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയത് രാജസ്ഥാന്റെ ബൗളിങ് തന്ത്രമാണ്. എന്നാല്‍ ആ തന്ത്രം ബാറ്റിങ്ങില്‍ കണ്ടില്ല. 12-ാം ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നൂറ് റണ്‍സ് എടുത്തതാണ്. അവിടെ നിന്നാണ് പിന്നീട് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
ഹാര്‍ഡ് ഹിറ്ററായ ഷിമ്രോണ്‍ ഹെറ്റ്മയര്‍ ഒന്‍പത് പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത് പുറത്തായത് മുതലാണ് രാജസ്ഥാന്റെ പതനം ആരംഭിക്കുന്നത്. ഹെറ്റ്മയര്‍ പാഴാക്കിയ പന്തുകള്‍ രാജസ്ഥാന്റെ വിധിയെഴുതുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ധ്രുവ് ജുറലിന് (16 പന്തില്‍ പുറത്താകാതെ 34) അവസാന ഓവറില്‍ ഒരു പന്ത് മാത്രമാണ് നേരിടാന്‍ സാധിച്ചത്. അതും രാജസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായകമായി. 20-ാം ഓവറിലെ രണ്ടാം പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഡബിള്‍ ഓടിയപ്പോള്‍ ജുറല്‍ അത് നിഷേധിച്ചില്ല. മികച്ച ഫോമിലുള്ള ജുറല്‍ ആ പന്തില്‍ ഡബിള്‍ ഓടാതെ സ്‌ട്രൈക്ക് എടുത്തിരുന്നെങ്കില്‍ ബാക്കി നാല് പന്തുകളും ജുറലിന് നേരിടാന്‍ സാധിക്കുമായിരുന്നു. ജുറലിനെ പോലൊരു ഹാര്‍ഡ് ഹിറ്റര്‍ക്ക് നാല് പന്തില്‍ 15 റണ്‍സ് എന്ന വിജയലക്ഷ്യം ഒരുപക്ഷേ അനായാസം നേടാനും സാധിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്. ആ പന്തില്‍ ഡബിള്‍ ഓടിയത് വന്‍ മണ്ടത്തരമെന്നാണ് വിമര്‍ശനം.
ഹാര്‍ഡ് ഹിറ്ററായ ജേസണ്‍ ഹോള്‍ഡറെ ബാറ്റ് ചെയ്യാന്‍ ഇറക്കിയില്ല എന്നതാണ് നായകന്‍ സഞ്ജുവിനെതിരെ ആരാധകര്‍ തിരിയാന്‍ കാരണം. രവിചന്ദ്രന്‍ അശ്വിനും അബ്ദുള്‍ ബാസിതിനും മുന്‍പ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തേണ്ടിയിരുന്നത് ഹോള്‍ഡര്‍ ആയിരുന്നെന്ന് ആരാധകര്‍ പറയുന്നു. അശ്വിന് പകരം ഹോള്‍ഡര്‍ എത്തിയിരുന്നെങ്കിലും മത്സരഫലം മാറിയേനെ എന്നാണ് ആരാധകരുടെ വാദം. ഈ മണ്ടത്തരത്തിനു ഉത്തരവാദിത്തം പറയേണ്ടത് നായകന്‍ സഞ്ജുവും പരിശീലകന്‍ കുമാര്‍ സംഗക്കാരയുമാണെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.