അയർലൻഡിനെതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനത്തോടെ ഏറെ നാളായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസൺ. ഓപ്പണിങ്ങ് റോളിൽ എത്തിയ സഞ്ജു പതിയെ തുടങ്ങി അവസാനം ആളിപ്പടരുന്നതാണ് മത്സരത്തിൽ കാണാനായത്. മികച്ച ടച്ചിലുണ്ടായിരുന്ന ദീപക് ഹൂഡയ്ക്ക് സ്ട്രൈക്ക് കൈമാറി ക്രീസിൻ്റെ ഒരറ്റത്ത് നിന്ന സഞ്ജു പുറത്താകുമ്പോൾ 42 പന്തിൽ 183 സ്ട്രൈക്ക്റേറ്റിൽ 77 റൺസ് നേടിയിരുന്നു.
അതായത് തകർത്തടിച്ച് കളിച്ച ദീപക് ഹൂഡയേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് മത്സരത്തിൽ ഉടനീളം ഹൂഡയ്ക്ക് സപ്പോർട്ടീവ് ഇന്നിങ്ങ്സ് കളിച്ച സഞ്ജു തൻ്റെ ഇന്നിങ്ങ്സ് പൂർത്തിയാക്കിയത്. കുട്ടിക്രിക്കറ്റിൽ ഒരു ഇന്നിങ്ങ്സ് എങ്ങനെ രൂപപ്പെടുത്താം എന്നതിന് ഉദാഹരണമാക്കാവുന്ന പ്രകടനം. അതേസമയം ഇതാദ്യമായല്ല സപ്പോർട്ടീവ് റോളിൽ കളിച്ച് പ്രധാനതാരത്തേക്കാൾ പ്രഹരശേഷിയിൽ സഞ്ജു ഉയർന്ന റൺസ് കണ്ടെത്തുന്നത്.
2020ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ബെൻ സ്റ്റോക്സ് സെഞ്ചുറി നേടിയ മത്സരത്തിലും സമാനമായി സപ്പോർട്ടീവ് റോളിലായിരുന്നു സഞ്ജു കളിച്ചത്. 60 പന്തിൽ നിന്നും 107 റൺസുമായി സ്റ്റോക്സ് തകർത്തടിച്ച മത്സരത്തിൽ ഒരറ്റം കാത്ത സഞ്ജു 31 പന്തിൽ നിന്നും 54 റൺസാണ് നേടിയത്. മത്സരം ബെൻ സ്റ്റോക്സിൻ്റെ പേരിൽ ഓർക്കപ്പെടുമ്പോൾ ഏകദേശം അതേ സ്ട്രൈക്ക്റേറ്റോടെ കളിച്ച സഞ്ജുവിൻ്റെ പ്രകടനം വിസ്മൃതിയിലാകുന്നു. ഇന്നലെ ദീപക് ഹൂഡ നടത്തിയ സെഞ്ചുറി പ്രകടനത്തിൻ്റെ നിഴലിലാകും സഞ്ജുവിൻ്റെ പ്രകടനം കണക്കാക്കപ്പെടുകയാണെങ്കിലും നമ്മൾ മലയാളികൾക്ക് ഇത് ആഘോഷരാവാണ്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു മലയാളി താരം തൻ്റെ വരവ് പ്രഖ്യാപിച്ച ദിനം.