തുടർച്ചയായി 7 അവസരം തരുമെന്ന് സൂര്യ ഉറപ്പ് നൽകിയിരുന്നു, 21 തവണ ഡക്കായാൽ പുറത്താക്കുമെന്നാണ് ഗംഭീർ പറഞ്ഞത്: സഞ്ജു സാംസൺ
സഞ്ജുവിനെ ഓപ്പണറാക്കി 7 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിപ്പിക്കാമെന്ന ഉറപ്പാണ് സൂര്യകുമാര്‍ യാദവ് നല്‍കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ കരിയറില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ഇടപെടലുകളാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകനായ ഗൗതം ഗംഭീറും തന്റെ മുകളില്‍ അര്‍പ്പിച്ച വിശ്വാസമാണ് ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും സഞ്ജു പറയുന്നു.
ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാതിരുന്ന ഘട്ടത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി 7 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിപ്പിക്കാമെന്ന ഉറപ്പാണ് സൂര്യകുമാര്‍ യാദവ് നല്‍കിയത്. ഒരു ദുലീപ് ട്രോഫി മത്സരത്തിനിടെയായിരുന്നു ഈ വാഗ്ദാനമെന്ന് സഞ്ജു പറയുന്നു. എന്നാല്‍ ഈ അവസരം ലഭിച്ച ശേഷം ശ്രീലങ്കയില്‍ നടന്ന 2 മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ആകെ തകര്‍ന്ന് ഡ്രസിങ് റൂമില്‍ ഇരുന്ന തന്നോട് 21 തവണ പൂജ്യത്തിന് പുറത്തായാല്‍ മാത്രമെ ടീമില്‍ നിന്നും പുറത്താക്കു എന്നാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ തമാശയായി പറഞ്ഞതെന്ന് സഞ്ജു പറയുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു ടി20യില്‍ 3 സെഞ്ചുറികള്‍ നേടാന്‍ സഞ്ജുവിന് സാധിച്ചത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കിയിരുന്നു.