ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുമ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിക്കാനാവാത്തതില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍. കഴിഞ്ഞതിനെ നിയന്ത്രിക്കാന്‍ തനിക്കാകില്ലെന്നും ഇപ്പോഴത്തെയും മുന്നിലുള്ളതുമായ മത്സരങ്ങളിലും മാത്രമാണ് ശ്രദ്ധയെന്നും സര്‍ഫറാസ് പറയുന്നു.
ടെസ്റ്റ് സ്‌പെഷലിസ്റ്റ് എന്ന ടാഗ് പതിഞ്ഞിട്ടുണ്ടെങ്കിലും, പരിമിത ഓവര്‍ ഫോര്‍മാറ്റുകളിലേക്കും ശ്രദ്ധ തിരിക്കുന്നതായി സര്‍ഫറാസ് പറഞ്ഞു. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ആവശ്യമായ സാങ്കേതിക-ഫിറ്റ്‌നസ് മെച്ചപ്പെടുത്തലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും, അവസരം ലഭിച്ചാല്‍ എല്ലാ ഫോര്‍മാറ്റുകളിലും രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ ഇരട്ടസെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലാണ് താരം.
ഐപിഎല്‍ 2026 ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയതിനെ കുറിച്ചും സര്‍ഫറാസ് മനസ്സ് തുറന്നു. എം എസ് ധോനി അടങ്ങുന്ന ചെന്നൈ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്ന് താരം പറയുന്നു. വിരാട് ഭായിക്കൊപ്പം ആര്‍സിബിയിലും രോഹിത്തിനൊപ്പം ഇന്ത്യന്‍ ടീമിലും കളിക്കാന്‍ സാധിച്ചു. ധോനി ഭായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഒപ്പം കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ചെന്നൈ തിരഞ്ഞെടുത്തതോടെ ആ സ്വപ്നവും യാഥര്‍ഥ്യമാവുകയാണ്. സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.