ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വ്യാഴാഴ്ച പൂനെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കവെയാണ് രോഹിത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ടീമിലെത്തിയ സര്‍ഫറാസ് ഖാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 150 റൺസുമായി തിളങ്ങിയിരുന്നു. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുലിനോ സര്‍ഫറാസ് ഖാനോ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാകും.
കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ ഇവരില്‍ ആരെയാകും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കുക എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇതിനെ പറ്റിയുള്ള രോഹിത്തിന്റെ പരാമര്‍ശങ്ങളും ചര്‍ച്ചയാകുന്നത്. ഓരോ മത്സരത്തീന് ശേഷവും കളിക്കാരുമായി ഞാന്‍ വ്യക്തിപരമായി സംസാരിക്കാറില്ല. അവര്‍ക്ക് തന്നെ അവര്‍ അവരുടെ കരിയറില്‍ എവിടെ എത്തി നില്‍ക്കുന്നു. ടീമിന്റെ സാഹചര്യം എന്താണ് എന്നതെല്ലാം അറിയാം. ഒരു പരമ്പരയുടെയോ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ മനസ്ഥിതി മാറ്റില്ല. രോഹിത് പറഞ്ഞു.
അവസരം ലഭിക്കുമ്പോള്‍ ഏത് താരവും മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കണം. ഏറ്റവും ലളിതമായ സന്ദേശം അതാണ്. രോഹിത് പറഞ്ഞു. ഇതോടെ രോഹിത് മുന വെച്ച് പറഞ്ഞത് കെ എല്‍ രാഹുലിനെ പറ്റിയാണെന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച താരമാണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്റെ പ്രതിഭയ്ക്ക് അനുസരിച്ച പ്രകടനങ്ങള്‍ നടത്താന്‍ കെ എല്‍ രാഹുലിനായിട്ടില്ല. കഴിഞ്ഞ ടെസ്റ്റിലെ രണ്ട് ഇന്നിങ്ങ്‌സിലും കെ എല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ പരാമര്‍ശം രാഹുലിനെതിരെയാണെന്നും അടുത്ത മത്സരത്തില്‍ താരത്തിന് ടീമില്‍ സ്ഥാനമുണ്ടാകില്ലെന്നുമാണ് ആരാധകര്‍ കരുതുന്നത്