Saurabh Netravalkar: സൂപ്പര്‍ 8 ല്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ല; ലീവ് നീട്ടി ചോദിക്കാന്‍ നേത്രവാല്‍ക്കര്‍
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ച് ജോലിയില്‍ കയറാമെന്ന പ്രതീക്ഷയിലായിരുന്നു നേത്രവാല്‍ക്കര്‍
Saurabh Netravalkar: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് ക്വാളിഫൈ ചെയ്തതോടെ ജോലി ചെയ്യുന്ന കമ്പനിയില്‍ ലീവ് നീട്ടി ചോദിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎസ്എ താരം സൗരഭ് നേത്രവാല്‍ക്കര്‍. അമേരിക്കയിലെ ഒറാക്കിള്‍ എന്ന ഐടി കമ്പനിയിലാണ് നേത്രവാല്‍ക്കര്‍ ജോലി ചെയ്യുന്നത്. യുഎസ്എയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുന്നതു വരെയാണ് നേത്രവാല്‍ക്കര്‍ കമ്പനിയില്‍ നിന്ന് അവധിയെടുത്തിരുന്നത്. എന്നാല്‍ ശക്തരായ പാക്കിസ്ഥാനെ അട്ടിമറിച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യക്കൊപ്പം സൂപ്പര്‍ എട്ടില്‍ എത്തിയിരിക്കുകയാണ് യുഎസ്എ.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ച് ജോലിയില്‍ കയറാമെന്ന പ്രതീക്ഷയിലായിരുന്നു നേത്രവാല്‍ക്കര്‍. എന്നാല്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നതോടെ രണ്ടാഴ്ച കൂടിയെങ്കിലും ലീവ് നീട്ടേണ്ട അവസ്ഥയാണ്. അമേരിക്കന്‍ കമ്പനിയായതിനാല്‍ നേത്രവാല്‍ക്കറിനു ലീവ് നീട്ടി കിട്ടുമെന്നും ഇന്ത്യന്‍ കമ്പനി വല്ലതും ആയിരുന്നെങ്കില്‍ താരത്തിനു സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ നഷ്ടമായേനെ എന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്.
ലോകകപ്പിലെ ഓരോ മത്സരങ്ങള്‍ക്കു ശേഷവും ഹോട്ടല്‍ മുറിയിലെത്തി നേത്രവാല്‍ക്കര്‍ ജോലി ചെയ്യുകയായിരുന്നെന്ന് താരത്തിന്റെ സഹോദരി നിധി നേത്രവാല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് കളിച്ച് ഹോട്ടല്‍ മുറിയിലെത്തിയതിന് ശേഷം ഒറാക്കിളിലെ ജോലിയും സൗരഭ് ചെയ്യുന്നുണ്ടെന്നാണ് നിധി പറഞ്ഞത്. 'എല്ലാകാലത്തും അവന് കരിയറില്‍ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ ഇനിയാവില്ല എന്നതിനാല്‍ തന്നെ ജോലിയില്‍ 100 ശതമാനം നല്‍കാന്‍ അവന്‍ ശ്രമിക്കുന്നു. എവിടെ പോയാലും ലാപ്ടോപ്പുമായാണ് അവനെ കാണാറുള്ളത്. ഇന്ത്യയിലേക്ക് പോകുമ്പോഴും ലാപ്ടോപ്പ് എടുക്കും. ലോകകപ്പിലെ ആദ്യ മാച്ചിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയും അവന്‍ അവന്റെ ജോലി ചെയ്തിരുന്നു,' നിധി പറഞ്ഞു.