Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് തന്നെ പറ്റിയ സമയം'; നായകസ്ഥാനം ലഭിക്കാന്‍ മുതിര്‍ന്ന ഇന്ത്യന്‍ താരം ചരടുവലി നടത്തുന്നതായി റിപ്പോര്‍ട്ട്

നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രതിസന്ധികളെ തന്റെ നേതൃമികവ് കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്ന് ഈ താരം കരുതുന്നു

India vs Australia

രേണുക വേണു

, വ്യാഴം, 2 ജനുവരി 2025 (09:56 IST)
രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ലഭിക്കാന്‍ ഒരു മുതിര്‍ന്ന താരം ചരടുവലി നടത്തുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം രോഹിത് നായകസ്ഥാനം ഒഴിയാനുള്ള സാധ്യത മുന്നില്‍കണ്ടാണ് മുതിര്‍ന്ന ഇന്ത്യന്‍ താരം രഹസ്യ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് ഒഴിയുമ്പോള്‍ ഇന്ത്യയുടെ ഇടക്കാല ക്യാപ്റ്റനാകാന്‍ ഈ താരം ആഗ്രഹിക്കുന്നുണ്ട്. 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' എന്നാണ് ഈ താരം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ നായകസ്ഥാനത്തിനായി നീക്കങ്ങള്‍ നടത്തുന്ന താരം ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 
 
നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രതിസന്ധികളെ തന്റെ നേതൃമികവ് കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്ന് ഈ താരം കരുതുന്നു. രോഹിത്തിനു ശേഷം ജസ്പ്രിത് ബുംറ ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ടെങ്കിലും സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ തനിക്കും യോഗ്യതയുണ്ടെന്നാണ് ഈ താരം വിശ്വസിക്കുന്നത്. യുവതാരങ്ങളേക്കാള്‍ ടീമിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഈ താരം കരുതുന്നു. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാളായിരിക്കും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ ഉദ്ദേശിച്ചിരിക്കുന്ന താരമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടെത്തല്‍. 
 
അതേസമയം സിഡ്‌നി ടെസ്റ്റിനു ശേഷം രോഹിത് നായകസ്ഥാനം ഒഴിയാനാണ് സാധ്യത. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനും രോഹിത് ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമായിരിക്കും താരം തുടരുക. ട്വന്റി 20 യില്‍ നിന്ന് രോഹിത് നേരത്തെ വിരമിച്ചതാണ്. അപ്പോഴും ചാംപ്യന്‍സ് ട്രോഫി കഴിയുന്നതു വരെ രോഹിത് ഏകദിന നായകസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ടെസ്റ്റ് നായകസ്ഥാനത്തിനൊപ്പം ഏകദിന നായകസ്ഥാനവും ഒഴിയാന്‍ രോഹിത് ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia, 5th Test: സിഡ്‌നി ടെസ്റ്റില്‍ പന്തിനെ കളിപ്പിക്കില്ല; ആകാശ് ദീപും പുറത്ത് !