ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സ് വഴങ്ങിയ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഷഹീനിന്റെ പ്രകടനത്തില്‍ താന്‍ സംതൃപ്തനല്ലെന്ന് അഫ്രീദി പറഞ്ഞു. തല ഉപയോഗിച്ച് കൃത്യമായി ചിന്തിച്ച ശേഷം പന്തെറിയേണ്ടതായിരുന്നെന്നും ഹസന്‍ അലി ക്യാച്ച് വിട്ടെന്ന് കരുതി മൂന്ന് സിക്‌സ് അടിക്കാന്‍ പന്ത് എറിഞ്ഞുകൊടുക്കുകയല്ല വേണ്ടിയിരുന്നതെന്നും അഫ്രീദി പറഞ്ഞു.
'ഒരു കാര്യത്തില്‍ ഷഹീന്‍ അഫ്രീദിയുടെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനല്ല. ശരിയാണ് ഹസന്‍ അലി ഒരു ക്യാച്ച് വിട്ടു, എന്നുകരുതി മോശം രീതിയില്‍ പന്തെറിയണമെന്നും മൂന്ന് സിക്‌സ് തുടര്‍ച്ചയായി വഴങ്ങണമെന്നും അര്‍ത്ഥമില്ല. ഷഹീന് നല്ല പേസ് ഉണ്ട്. ആ വേഗത ബുദ്ധിപരമായി ഉപയോഗിക്കേണ്ടതായിരുന്നു. തല ഉപയോഗിച്ച് നന്നായി ചിന്തിച്ച് പന്തെറിയേണ്ടതായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് വേഗതയേറിയ യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ അടി കിട്ടില്ലായിരുന്നു. തീര്‍ച്ചയായും ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞിട്ടുണ്ട്. ഈ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഷഹീന്‍ ഭാവിയിലേക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അഫ്രീദി പറഞ്ഞു.