ഈ വര്‍ഷം അവസാനം നടക്കേണ്ട ഐപിഎല്‍ മെഗാ താരലേലത്തില്‍ ഓരോ ടീമുകള്‍ക്കും എത്ര കളിക്കാരെ നിലനിര്‍ത്താന്‍ അനുമതി കൊടുക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം യോഗത്തില്‍ പരസ്പരം പോരടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാനും പഞ്ചാബ് കിംഗ്‌സ് ഉടമ നെസ് വാഡിയയും. ടീമിലെ എട്ട് കളിക്കാരെ വരെ നിലനിര്‍ത്താന്‍ ടീമുകളെ അനുവദിക്കണമെന്ന് ഷാറൂഖ് ഖാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്.
ടീമുകള്‍ ഉടച്ചുവാര്‍ക്കണമെന്ന നിര്‍ദേശമാണ് പഞ്ചാബ് കിംഗ്‌സ് ഉടമായ നെസ് വാഡിയ ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ശക്തമായി എതിര്‍ത്തു. കഴിഞ്ഞ സീസണില്‍ ഒമ്പതാമതായാണ് പഞ്ചാബ് ലീഗില്‍ ഫിനിഷ് ചെയ്തിരുന്നത്. ഒരുപാട് സമയം എടുത്താണ് ടീമുകള്‍ പടുത്തുയര്‍ത്തിയതെന്നും മെഗാ താരലേലത്തിന് മുന്‍പേ വീണ്ടും പൂജ്യത്തിലേക്ക് പോകാനാകില്ലെന്ന നിലപാടാണ് ഹൈദരാബാദ് ഉടമായ കാവ്യ മാരന്‍ സ്വീകരിച്ചത്. യുവതാരങ്ങളില്‍ വലിയ നിക്ഷേപം നടത്തിയതിന് ശേഷം ഇവരെ മറ്റ് ടീമുകള്‍ ലേലത്തില്‍ കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഷാറൂഖ് ഖാന്‍ വ്യക്തമാക്കി. അഭിഷേക് ശര്‍മയെ പോലൊരു താരം മികച്ച പ്രകടനം നടത്താനായി 3 വര്‍ഷത്തെ സമയമാണ് ഹൈദരാബാദ് എടുത്തതെന്നും മറ്റ് ടീമുകളുടെ കാര്യവും ഇങ്ങനെ തന്നെയാണെന്നും കാവ്യാ മാരന്‍ വ്യക്തമാക്കി.
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പ് എത്ര കളിക്കാരെ ടീമുകള്‍ക്ക് നിലനിര്‍ത്താമെന്നും എത്ര തുക വരെ ലേലത്തില്‍ ചെലവഴിക്കാം എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബിസിസിഐ ആസ്ഥാനത്ത് ഐപിഎല്‍ ടീം ഉടമകളുടെ യോഗം വിളിച്ചത്. കാവ്യാമാരനും ഷാറൂഖ് ഖാനും നെസ് വാഡിയയും യോഗത്തില്‍ നേരിട്ടെത്തിയപ്പോള്‍ മുംബൈ ടീം ഉടമകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.