ഏകദിന ക്രിക്കറ്റ് ഫോർമാറ്റിൽ 7000 റൺസും 300 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ. മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ, പാകിസ്ഥാൻ്റെ ഷാഹിദ് അഫ്രീദി എന്നിവർ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവർ. അയർലൻഡുമായുള്ള മത്സരത്തിൽ 24 റൺസ് നേടിയതോടെയാണ് ഈ നേട്ടം.
മത്സരത്തിൽ അയർലൻഡിനെതിരെ 89 പന്തിൽ നിന്നും 93 റൺസാണ് ഷാക്കിബ് നേടിയത്. നിലവിൽ ബംഗ്ലദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ തമീം ഇഖ്ബാലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഷാക്കിബ്. 8146 റൺസാണ് തമീം ഇഖ്ബാലിൻ്റെ പേരിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ഷാക്കിബ് 300 വിക്കറ്റുകൾ സ്വന്തമാക്കിയത്. ജയസൂര്യയ്ക്കും ഡാനിയൽ വെട്ടേറിക്കും ശെഷം 300 വിക്കറ്റ് തികയ്ക്കുന്ന ഇടം കയ്യൻ സ്പിന്നറെന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി. ടി20യിലും ടെസ്റ്റിലും ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും ഷാക്കിബാണ്. ടി20യിൽ 128 വിക്കറ്റും ടെസ്റ്റിൽ 231 വിക്കറ്റുമാണ് ഷാക്കിബിൻ്റെ പേരിലുള്ളത്.