അത് ഔട്ട് തന്നെയാണ്, ഷനകയുടെ സെഞ്ചുറി രോഹിത്തിന്റെ ഔദാര്യം; മങ്കാദിങ്ങില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ
ഷമിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്
ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിനിടെ മുഹമ്മദ് ഷമി നടത്തിയ മങ്കാദിങ് ശ്രമം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീലങ്കന്‍ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കാനാണ് അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മങ്കാദിങ് ശ്രമം നടത്തിയത്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷനകയുടെ അപ്പോഴത്തെ വ്യക്തിഗത സ്‌കോര്‍ 98 റണ്‍സായിരുന്നു.
ഐസിസി ചട്ടം അനുസരിച്ച് മങ്കാദിങ് ഇപ്പോള്‍ നിയമപരമാണ്. അതുകൊണ്ട് തന്നെ ഷമി ചെയ്തതില്‍ തെറ്റൊന്നും ഇല്ല. സ്ട്രൈക്ക് ലഭിക്കാന്‍ വേണ്ടി ഷനക ആ സമയത്ത് ക്രീസില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നു. ഷമി പന്ത് എറിയുന്നതിനു മുന്‍പ് ഷനക ക്രീസ് വിട്ടിരുന്നതിനാല്‍ അത് ഔട്ടും ആയിരുന്നു. അംപയര്‍ തീരുമാനമെടുക്കാന്‍ വേണ്ടി തേര്‍ഡ് അംപയറുടെ സഹായം തേടിയെങ്കിലും ഉടനെ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് റിവ്യു തീരുമാനം പിന്‍വലിക്കുകയായിരുന്നു. മങ്കാദിങ്ങിലൂടെയുള്ള വിക്കറ്റ് വേണ്ട എന്ന് രോഹിത് നിലപാടെടുത്തു.
ഷമിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐസിസി നിയമപ്രകാരമുള്ള കാര്യം മാത്രമാണ് ഷമി ചെയ്തതെന്നും സ്‌ട്രൈക്ക് കിട്ടാന്‍ വേണ്ടി പന്തെറിയുന്നതിനു മുന്‍പ് ക്രീസില്‍ നിന്ന് ഇറങ്ങുന്നത് ശരിയായ നടപടിയല്ലെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. ഷനകയുടെ സെഞ്ചുറി രോഹിത്തിന്റെ ഔദാര്യമാണെന്നും ഈ വിഭാഗം വാദിക്കുന്നു. ഒപ്പം രോഹിത് ഷനകയോട് ഇങ്ങനെ ഔദാര്യം കാണിക്കേണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു എന്നാണ് ഇവര്‍ വിമര്‍ശിക്കുന്നത്. ഒരു വിക്കറ്റ് ശേഷിക്കെ അഞ്ച് റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോള്‍ ആണ് ഷമി മങ്കാദിങ് നടത്തി വിക്കറ്റ് സ്വന്തമാക്കുന്നതെങ്കില്‍ രോഹിത് ഇത് തന്നെ ചെയ്യുമായിരുന്നോ എന്നും ആരാധകര്‍ ചോദിക്കുന്നു.
അതേസമയം, ഷമി ചെയ്തത് തെറ്റായി പോയെന്ന് പറയുന്നവരും ഉണ്ട്. കളി ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ഇങ്ങനെയൊരു ശ്രമം നടത്തിയത് മോശമായെന്നാണ് ഇക്കൂട്ടരുടെ വാദം. ഷനകയുടെ സെഞ്ചുറി നഷ്ടപ്പെടുത്തുക എന്നത് മാത്രമാണ് ഷമി അപ്പോള്‍ ചിന്തിച്ചതെന്നും അത് ശരിയായ ചിന്താഗതിയല്ലെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.