കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് സ്പിൻ മാന്ത്രികൻ ഷെയ്‌ൻ വോൺ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. തായ്‌ലൻഡിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വോണിന്റെ മരണം.ഹൃദയാഘാതം മൂലമായിരുന്നു താരത്തിന്റെ മരണം.
മരിക്കുന്ന സമയത്ത് വോൺ ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ മരണത്തിന് മണിക്കൂറുകൾ മുൻപ് ഐപിഎല്ലിനെ കുറിച്ചും രാജസ്ഥാനെ കുറിച്ചും സംസാരിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് തായ്‌ലൻഡിൽ വോണിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ടോം ഹാൾ.
വോൺ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുക്കൾ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്ക് വോൺ തന്റെ ആദ്യ ഐപിഎൽ ഷർട്ട് അടക്കമുള്ളവ സമ്മാനമായി നൽകിയിരുന്നു. ഇതിന് ശേഷമായിരുന്നു വോൺ രാജസ്ഥാനെയും ഐപിഎല്ലിനെയും കുറിച്ച് സംസാരിച്ചത്.
ആർക്കും അറിയുക കൂടിയില്ലാത്ത ഒരുപിടി താരങ്ങളെ വെച്ചായിരുന്നു 2008ൽ വോൺ ഐപിഎൽ കിരീടം രാജസ്ഥാന് നേടികൊടുത്തത്. ആദ്യ മത്സരം രാജസ്ഥാൻ തോറ്റപ്പോൾ എല്ലാം ശരിയാകുമെന്ന് ടീം ഉടമയോട് വോൺ പറഞ്ഞിരുന്നു. അങ്ങനെ തന്നെ പിന്നീട് കാര്യങ്ങൾ സംഭവിച്ചു. തുടർച്ചയായ വിജയങ്ങൾ നേടി രാജസ്ഥാനായിരുന്നു ആ സീസണിൽ കിരീടം സ്വന്തമാക്കിയത്.