ടീമിന്റെ ആങ്കര്‍ റോള്‍ പ്രതികയ്ക്കാണ്, എനിക്ക് സ്വതസിദ്ധമായി കളിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നു: സ്മൃതി മന്ദാന
മഴ തുടരെ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡര്‍ക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 53 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
വനിതാ ഏകദിന ലോകകപ്പ് സെമിഫൈനല്‍ യോഗ്യത സ്വന്തമാക്കിയത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ ഓപ്പണിംഗ് താരമായ സ്മൃതി മന്ദാന. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരം വിജയിച്ചതിന് പിന്നാലെയാണ് സ്മൃതിയുടെ പ്രതികരണം. മഴ തുടരെ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡര്‍ക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 53 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
തീര്‍ച്ചയായും വിജയം നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കഴിഞ്ഞ 3 മത്സരങ്ങളും കഠിനമായിരുന്നു. മികച്ച ക്രിക്കറ്റ് തന്നെ കാഴ്ചവെച്ചു. പക്ഷേ വിജയിക്കാനായിരുന്നില്ല. സ്മൃതി പറഞ്ഞു. മത്സരത്തില്‍ 109 റണ്‍സ് നേടിയ താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ചുറി സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സഹ ഓപ്പണറായ പ്രതിക റാവലിനൊപ്പം 212 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ട് സ്വന്തമാക്കാനും മന്ദാനയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ തന്നെ പോലെ കളിയിലെ താരമാകാന്‍ പ്രതികയ്ക്കും അര്‍ഹതയുണ്ടായിരുന്നുവെന്ന് സ്മൃതി പറയുന്നു. പ്രതികയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ ഒരു പോലെയുള്ള ആളുകളാണ്. അവള്‍ ടീമിനായി നിലയുറപ്പിച്ച് കളിക്കുന്നത് കൊണ്ടാണ് എനിക്ക് എന്റെ നാച്ചുറല്‍ ഗെയിം കളിക്കാനാകുന്നത്. അവള്‍ ആക്രമിച്ച് കളിക്കുമ്പോള്‍ റോള്‍ പരസ്പരം വെച്ച് മാറാനും ഞങ്ങള്‍ക്ക് കഴിയും. ടീമിന് ഇത് മികച്ച രീതിയില്‍ ഗുണം ചെയ്യുന്നുണ്ട്. സ്മൃതി മന്ദാന പറഞ്ഞു.