പരുക്കിനെ തുടര്‍ന്നാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് നല്‍കിയത്. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരട്ടെയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും റിഷഭ് പന്ത് മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെന്നും ശ്രേയസ് അയ്യര്‍ പ്രതികരിച്ചു.
'പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണമെന്ന് ഫ്രാഞ്ചൈസിയാണ് തീരുമാനിച്ചത്. ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഈ സീസണ്‍ തുടക്കം മുതല്‍ പന്ത് മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നു. അതുകൊണ്ടാണ് ഈ സീസണ്‍ അവസാനിക്കുന്നതുവരെ പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരട്ടെ എന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചത്. ഈ തീരുമാനത്തെ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബാറ്റിങ്ങിലാണ് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്,' ശ്രേയസ് അയ്യര്‍ പറഞ്ഞു.