പരിക്കുണ്ടെന്ന് നുണ പറഞ്ഞുകൊണ്ട് രഞ്ജി ട്രോഫിയില്‍ നിന്നും പിന്മാറിയ മുംബൈ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ നടപടി വിവാദത്തില്‍. പൂര്‍ണമായും പരിക്കില്‍ നിന്നും മോചിതനായിട്ടില്ലെന്ന് കാണിച്ചാണ് രഞ്ജി മത്സരങ്ങളില്‍ നിന്നും താരം മാറിനിന്നത്. എന്നാല്‍ ശ്രേയസ് ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തതായി കഴിഞ്ഞ ദിവസം എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ശ്രേയസ് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചിരുന്നുവെന്നാണ് എന്‍സിഎയുടെ വിലയിരുത്തല്‍. ഐപിഎല്‍ അടുത്തിരിക്കെ പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനായാണ് ശ്രേയസ് രഞ്ജി മത്സരങ്ങളില്‍ നിന്നും മാറിനിന്നതെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്‍ തയ്യാറെടുപ്പ് നടത്തുന്ന ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് ചര്‍ച്ചയാകവെയാണ് ശ്രേയസില്‍ നിന്നും സമാനമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.
കിഷനേക്കാള്‍ സീനിയറായ താരമാണെങ്കിലും ആഭ്യന്തര ലീഗിന് ഐപിഎല്ലിനേക്കാള്‍ മുന്‍ഗണന നല്‍കണമെന്ന തീരുമാനമാണ് ബിസിസിഐയ്ക്കുള്ളത്. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ശ്രേയസ് അയ്യര്‍ക്കെതിരെ ബിസിസിഐ നടപടിയ്ക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകളില്‍ 35,13,27,29 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍.