കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ എ ടീം നായകനായ ശ്രേയസ് അയ്യര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും തനിക്ക് ഇടവേള ആവശ്യമാണെന്ന് കാണിച്ച് ബിസിസിഐയ്ക്ക് ഇമെയില്‍ സന്ദേശമയച്ചത്. ഏറെക്കാലമായി തന്നെ അലട്ടുന്ന പുറം വേദനയാണ് ഇതിനുള്ള കാരണമായി ശ്രേയസ് ഉന്നയിച്ചത്. ബിസിസിഐ ഇതിന് മറുപടി നല്‍കിയിട്ടില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുള്ള ശ്രേയസിന്റെ ഈ നടപടി താരത്തിന്റെ ടെസ്റ്റ് കരിയറിന്റെ അവസാനമാണ് സൂചിപ്പിക്കുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.
നേരത്തെ പുറം വേദനയെ തുടര്‍ന്ന് സര്‍ജറിക്കടക്കം വിധേയനായ ശ്രേയസ് അയ്യര്‍ പലപ്പോഴായി തനിക്ക് ഏറെ നേരം ക്രീസില്‍ തുടരുന്നതില്‍ ബുദ്ധിമുട്ടുള്ളതായി ബിസിസിഐയെ അറിയിച്ചിരുന്നു. സമാനമായി 4 മുതല്‍ 5 ദിവസം വരെ നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ശ്രേയസിനുള്ള ശാരീരികമായ ബുദ്ധിമുട്ടാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും താരം മാറിനില്‍ക്കാന്‍ കാരണമെന്നാണ് ശ്രേയസുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
2023ലാണ് പുറം വേദനയെ തുടര്‍ന്ന് താരം സര്‍ജറി ചെയ്തത്. 2023ലെ ഏകദിന ലോകകപ്പില്‍ കളിക്കാനായെങ്കിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ താരത്തിന് വീണ്ടും പുറം വേദനയുണ്ടാവുകയും ടീമില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. പുറം വേദന ചൂണ്ടികാണിച്ച് ശ്രേയസ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് മാറിനിന്നതിനെ തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ശ്രേയസ് പുറത്തായിരുന്നു. നെറ്റ്‌സില്‍ 60 പന്തുകള്‍ക്ക് മുകളില്‍ നേരിടുമ്പോള്‍ വേദന അനുഭവപ്പെടുന്നുവെന്നാണ് ശ്രേയസ് വ്യക്തമാക്കിയിരുന്നതെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധനയ്ക്കായി ശ്രേയസ് എത്തിയിരുന്നില്ല.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിലും സ്ഥാനം പിടിക്കാന്‍ ശ്രേയസിനായില്ല. കൂടുതല്‍ നേരം ക്രീസില്‍ ചെലവഴിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഇതോടെ ശ്രേയസിന്റെ വാതിലുകള്‍ അടഞ്ഞിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ ശ്രേയസ് ഇന്ത്യന്‍ പദ്ധതികളുടെ ഭാഗമല്ലാത്തതിനാല്‍ തന്നെ ഏകദിന ഫോര്‍മാറ്റിലൂടെയാകും താരം ദേശീയ ടീമില്‍ തിരിച്ചെത്തുക.