Shubman Gill: 47 വര്‍ഷം പഴക്കമുള്ള ഗവാസ്‌കറുടെ റെക്കോര്‍ഡ് തകര്‍ത്തു; ഗില്ലിനു മുന്നില്‍ ബ്രാഡ്മാന്‍ വീഴുമോ?
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ഗില്‍
Shubman Gill: സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് ഗില്‍ ഗവാസ്‌കറിന്റെ 47 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ചത്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ഗില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് 737 റണ്‍സ്. പരമ്പരയില്‍ ഒരു ഇന്നിങ്‌സില്‍ കൂടി ഗില്‍ ബാറ്റ് ചെയ്യാനുണ്ട്. നാല് സെഞ്ചുറികള്‍ സഹിതമാണ് ഗില്‍ ഇംഗ്ലണ്ടില്‍ 737 റണ്‍സ് നേടിയിരിക്കുന്നത്.
1978 ല്‍ സുനില്‍ ഗവാസ്‌കര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നേടിയ 732 റണ്‍സ് എന്ന റെക്കോര്‍ഡ് ഗില്‍ തിരുത്തുകയായിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. 1936 ല്‍ കുറിച്ച 810 റണ്‍സ്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഓവല്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിനു വേണ്ടത് 74 റണ്‍സ് !
അതേസമയം ഈ പരമ്പരയിലൂടെ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകനാകാന്‍ ഗില്ലിനു നേരത്തെ സാധിച്ചിരുന്നു. 2018 ല്‍ വിരാട് കോലി നായകനായിരിക്കെ ഇംഗ്ലണ്ടില്‍വെച്ച് 593 റണ്‍സ് നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് നാലാം ടെസ്റ്റില്‍ ഗില്‍ മറികടന്നു. ഇംഗ്ലണ്ടില്‍വെച്ച് ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ഗില്‍ മറികടന്നിട്ടുണ്ട്. 2002 ല്‍ ദ്രാവിഡ് നേടിയ 602 റണ്‍സാണ് ഗില്‍ തിരുത്തി കുറിച്ചത്.