ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിരേന്ദര്‍ സെവാഗ് ജോഡി. ഏത് എതിരാളികളേയും ഛിന്നഭിന്നമാക്കാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാരായിരുന്നു ഇരുവരും. യുവതാരങ്ങളില്‍ നിന്ന് രണ്ട് പേര്‍ സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളവരാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായുമാണ് അത്.
ഐപിഎല്‍ 15-ാം സീസണില്‍ ഗില്ലിന്റേയും പൃഥ്വി ഷായുടേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയാണ് ഗില്‍ കളിക്കുന്നത്. പൃഥ്വി ഷാ കളിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും.
ക്രീസില്‍ നങ്കൂരമിട്ട ശേഷം എതിരാളികളെ കടന്നാക്രമിക്കുന്ന സച്ചിന്‍ സ്റ്റൈല്‍ ബാറ്റിങ്ങാണ് ഗില്ലിന്റേത്. ക്രീസില്‍ താളം കണ്ടെത്തി കഴിഞ്ഞാല്‍ ഗില്ലിന്റെ ബാറ്റിന് തടയിടാന്‍ ആരെക്കൊണ്ടും സാധിക്കില്ല. മറുവശത്ത് പവര്‍പ്ലേയില്‍ വളരെ എളുപ്പത്തില്‍ റണ്‍സ് കണ്ടെത്തുന്ന ശൈലിയാണ് പൃഥ്വി ഷായുടേത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുകയെന്ന ആറ്റിറ്റിയൂഡുമായി കളിച്ചിരുന്ന വിരേന്ദര്‍ സെവാഗിനെയാണ് പൃഥ്വി ഷാ ഓര്‍മിപ്പിക്കുന്നത്. ആദ്യ ബോള്‍ മുതല്‍ തന്നെ എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ പൃഥ്വി ഷായ്ക്ക് കഴിവുണ്ട്. ക്ലാസ്-മാസ് ഓപ്പണിങ് കൂട്ടുകെട്ട് പരിമിത ഓവറില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.