Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ കണ്ട സ്റ്റൈലിഷ് ഇടംകൈയന്‍ ബാറ്റര്‍; പക്ഷേ ഗാംഗുലി വലംകൈയന്‍ ആയിരുന്നു !

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്ററാണ് സൗരവ് ഗാംഗുലി

ഇന്ത്യ കണ്ട സ്റ്റൈലിഷ് ഇടംകൈയന്‍ ബാറ്റര്‍; പക്ഷേ ഗാംഗുലി വലംകൈയന്‍ ആയിരുന്നു !

രേണുക വേണു

, തിങ്കള്‍, 8 ജൂലൈ 2024 (12:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഇന്ന് 52-ാം ജന്മദിനം ആഘോഷിക്കുകയാണ്. അധികം ആരും അറിയാത്ത പല കാര്യങ്ങളും ഗാംഗുലിയുടെ വ്യക്തിജീവിതത്തിലുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ ചൊവ്വാഴ്ചയിലെ ഉപവാസം. എല്ലാ ചൊവ്വാഴ്ചകളിലും ഗാംഗുലി ഉപവസിക്കുമത്രേ ! ഗാംഗുലി കടുത്ത ഈശ്വര വിശ്വാസിയാണ്. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ഗാംഗുലി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈശ്വര വിശ്വാസത്തിന്റെ ഭാഗമായാണ് താരം ചൊവ്വാഴ്ചകളില്‍ ഉപവസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്ററാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഗാംഗുലി ക്രിക്കറ്റിലേക്ക് എത്തുന്നത് വലംകയ്യന്‍ ബാറ്ററായാണ്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഗാംഗുലി വലംകൈയന്‍ ആയിരുന്നു. മൂത്ത സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും ക്രിക്കറ്റ് കളിക്കാരനായിരുന്നു. സഹോദരന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയതിനാല്‍ പിന്നീട് ഗാംഗുലിയും ഇടംകൈ പരീക്ഷിക്കുകയായിരുന്നു. സ്‌നേഹാഷിഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആകുന്നത്. എന്നാല്‍, ഗാംഗുലി ബൗള്‍ ചെയ്യുന്നത് വലംകൈ കൊണ്ടാണ്. മറ്റ് എല്ലാ കാര്യങ്ങളിലും സൗരവ് വലംകൈയനാണ്. ബാറ്റിങ്ങില്‍ മാത്രമാണ് ഗാംഗുലി ഇടംകൈ ഉപയോഗിക്കുന്നത്.
 
1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. 1992 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 
 
ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റ് മത്സരങ്ങളും ഗാംഗുലി കളിച്ചു. ഏകദിനത്തില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയോടെ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 38 സെഞ്ചുറികളും ഗാംഗുലി നേടിയിട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Sourav Ganguly: ഇന്ത്യയുടെ ഒരേയൊരു ദാദ; ഗാംഗുലിക്ക് ഇന്ന് 52-ാം ജന്മദിനം