South Africa vs Pakistan 1st T20I: 28-3 ല്‍ നിന്ന് 183 ലേക്ക്, മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; പാക്കിസ്ഥാനു തോല്‍വി
ദക്ഷിണാഫ്രിക്ക 28-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിയതാണ്
South Africa vs Pakistan 1st T20I: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കു 11 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാനു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ദക്ഷിണാഫ്രിക്ക 28-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിയതാണ്. നാലാമനായി ക്രീസിലെത്തിയ ഡേവിഡ് മില്ലറിന്റെ പ്രകടനമാണ് പിന്നീട് ആതിഥേയര്‍ക്ക് തുണയായത്. വെറും 40 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 82 റണ്‍സാണ് മില്ലര്‍ അടിച്ചുകൂട്ടിയത്. ഏഴാമനായി ക്രീസിലെത്തിയ ജോര്‍ജ് ലിന്‍ഡെ 24 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 48 റണ്‍സ് നേടി ആതിഥേയരുടെ സ്‌കോര്‍ ഉയര്‍ത്തി. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ 62 പന്തില്‍ 74 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാനെ ജയിപ്പിക്കാനായില്ല. ബാബര്‍ അസം നാല് പന്തുകള്‍ നേരിട്ട് പൂജ്യത്തിനു പുറത്തായി. സായിം അയൂബ് 15 പന്തില്‍ 31 റണ്‍സെടുത്തു. ബാറ്റിങ്ങില്‍ തിളങ്ങിയ ജോര്‍ജ് ലിന്‍ഡെ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി ബൗളിങ്ങിലും ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി.