സഹതാരങ്ങള്‍ക്കൊപ്പം എപ്പോഴും വഴക്ക്, സീനിയേഴ്‌സിനെ ബഹുമാനിക്കാത്തവന്‍; ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്, കളിക്കിടെ മോശം വാക്ക് ഉപയോഗിച്ചെന്ന് ആരോപണം
ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം എനിക്കെതിരെ മോശം വാക്ക് ഉപയോഗിച്ചു. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് അത്
വിരമിച്ച താരങ്ങള്‍ക്ക് വേണ്ടിയുള്ള ലെജന്‍ഡ്‌സ് ലീഗ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ നാടകീയ രംഗങ്ങള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും എസ്.ശ്രീശാന്തും ഫീല്‍ഡില്‍ വാക്കുകള്‍ക്ക് കൊണ്ട് ഏറ്റുമുട്ടി. ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ത്യ ക്യാപിറ്റല്‍സ് താരമാണ് ഗംഭീര്‍. ശ്രീശാന്ത് ഗുജറാത്ത് ജയന്റ്‌സിനു വേണ്ടിയാണ് കളിക്കുന്നത്.
ഇന്ത്യ ക്യാപിറ്റല്‍സിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഗംഭീര്‍ ശ്രീശാന്ത് എറിഞ്ഞ ഓവരില്‍ തുടര്‍ച്ചയായി ഒരോ സിക്‌സും ഫോറും നേടുന്നുണ്ട്. ഇതിനു പിന്നാലെ തുടര്‍ച്ചയായി രണ്ട് ബോളില്‍ ഗംഭീറിന് റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇരുവരും പരസ്പരം സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടു. ഇതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ ക്യാപിറ്റല്‍സ് ജയിച്ചു. മത്സരശേഷം പങ്കുവെച്ച വീഡിയോയില്‍ ശ്രീശാന്ത് അതിരൂക്ഷമായാണ് ഗംഭീറിനെതിരെ രംഗത്തെത്തിയത്.
ഫീല്‍ഡില്‍ വെച്ച് തനിക്കെതിരെ വളരെ മോശം വാക്ക് ഗംഭീര്‍ ഉപയോഗിച്ചെന്ന് ശ്രീശാന്ത് ആരോപിച്ചു. 'മിസ്റ്റര്‍ ഫൈറ്റര്‍' എന്ന് ഗംഭീറിനെ പരിഹസിച്ചാണ് ശ്രീശാന്ത് വീഡിയോ തുടങ്ങുന്നത്. സഹതാരങ്ങളുമായി എപ്പോഴും ഗംഭീര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. വിരു ഭായ് (വിരേന്ദര്‍ സെവാഗ്) അടക്കമുള്ള സീനിയര്‍ താരങ്ങളോട് ഗംഭീറിന് ഒരു ബഹുമാനവുമില്ല. അത് തന്നെയാണ് ഇന്നും ക്രിക്കറ്റ് ഫീല്‍ഡില്‍ സംഭവിച്ചതെന്ന് ശ്രീശാന്ത് പറയുന്നു.
ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം എനിക്കെതിരെ മോശം വാക്ക് ഉപയോഗിച്ചു. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് അത്. ഞാന്‍ ഇവിടെ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഗംഭീര്‍ ഉപയോഗിച്ച വാക്ക് തീര്‍ച്ചയായും നിങ്ങള്‍ അറിയും. അത്തരം ഒരു സംസാരം ഒരുതരത്തിലും ക്രിക്കറ്റ് ഫീല്‍ഡില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉപയോഗിച്ച വാക്ക് എന്താണെന്ന് തീര്‍ച്ചയായും ഞാന്‍ പുറംലോകത്തെ അറിയിക്കും - ശ്രീശാന്ത് പറഞ്ഞു.