ഗാംഗുലിക്കും ധോണിക്കും കഴിയാത്തത് കോഹ്‌ലി സാധിച്ചെടുത്തു; അവരിപ്പോള്‍ പഴയതു പോലെയല്ല - സ്‌മിത്ത്
കോഹ്‌ലിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സ്‌മിത്ത് രംഗത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്. മികച്ച ക്രിക്കറ്ററായ കോഹ്‌ലി ദീര്‍ഘനാളത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കും. ടീം ഇന്ത്യയിപ്പോള്‍ ആക്രമണോത്സുകതയുള്ള സംഘമാണെന്നും ഐപിഎല്ലില്‍ പൂനെയുടെ നായകനായ സ്‌മിത്ത് പറഞ്ഞു.
സൌരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും കാലത്തെ ടീമല്ല കോഹ്‌ലിയുടെ നേതൃത്വത്തിലുള്ളത്. ആക്രമോത്സുകതയാണ് കോഹ്‌ലിയുടെ ടീമിന്റെ മുഖമുദ്ര. വിരാടിന്റെ നായകമികവാണ് ഇതിന് കാരണമെന്നും സ്‌മിത്ത് പറഞ്ഞു.
ഐപിഎല്ലിലെ പരാജയത്തിന്റെ പേരില്‍ കോഹ്‌ലിക്ക് ഒരു ഉപദേശവും നല്‍കാനില്ല. ആസ്വദിച്ച് ക്രിക്കറ്റ് കളി തുടരുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരകള്‍ക്കിടെയിലുണ്ടായ സംഭവങ്ങള്‍ കഴിഞ്ഞ കാര്യങ്ങളാണ്. വീഴ്‌ചകളും പിഴവുകളും മനസിലാക്കിയും തിരുത്തിയും മുന്നേറുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും സ്‌മിത്ത് പറഞ്ഞു.
കോഹ്‌ലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി കഴിഞ്ഞു. അതേസമയം, സ്‌മിത്തിന്റെ നേതൃത്വത്തിലുള്ള പൂനെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിലാണ് കോഹ്‌ലിക്ക് ഉപദേശവുമായി സ്‌മിത്ത് എത്തിയത്.