ഏഷ്യാകപ്പില്‍ ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ മൂന്നാമതിറങ്ങിയ സഞ്ജു 45 പന്തില്‍ 56 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായിരുന്നു. മത്സരത്തിലെ താരമായി മാറിയെങ്കിലും സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റിനെ പറ്റി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സഞ്ജുവിനെ പ്രശംസിച്ച് ഗവാസ്‌കര്‍ രംഗത്ത് വന്നത്.
അടുത്ത മത്സരങ്ങളില്‍ നാലാമതോ അഞ്ചാമതോ ആയാകും സഞ്ജു ഇറങ്ങേണ്ടി വരിക. അതിനാല്‍ തന്നെ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് സഞ്ജു ഒമാനെതിരെ ശ്രമിച്ചത്. സഞ്ജു ആ സമയം ക്രീസിലുണ്ടാവുക എന്നത് ടീമിന്റെ ആവശ്യമായിരുന്നു. ക്രീസില്‍ കുറച്ച് സമയം ചെലവഴിച്ച് 40-50 റണ്‍സടിക്കുന്നത് ബാറ്ററുടെ ആത്മവിശ്വാസം ഉയര്‍ത്തും. മത്സരത്തില്‍ സഞ്ജുവിന്റെ ടൈമിങ് മികച്ചതായിരുന്നു. ഗവാസ്‌കര്‍ സോണി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
മത്സരത്തില്‍ സഞ്ജു നേടിയ സ്‌ട്രൈറ്റ് സിക്‌സിനെയും ഗവാസ്‌കര്‍ അഭിനന്ദിച്ചു. പന്തിന്റെ ലെങ്ത് തിരിച്ചറിഞ്ഞ് ക്രീസില്‍ വളരെ വേഗം അഡ്ജസ്റ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ മികവ് ആ ഷോട്ടില്‍ കാണാമായിരുന്നു. ഇരുവശത്തേക്കും അതുപോലെ ഷോട്ട് കളിക്കാന്‍ സഞ്ജുവിനാകും. സ്‌ട്രൈറ്റ് സിക്‌സടിക്കാന്‍ പന്ത് ബാറ്റിലേക്ക് വരാനായി സഞ്ജു കാത്തുനിന്നു. ശേഷമാണ് ഷോട്ട് കളിച്ചത്. സഞ്ജുവിന്റെ ക്ലാസ് ആ ഒറ്റ ഷോട്ടില്‍ നിന്നും മനസിലാക്കാം.
ഒരു പന്ത് കളിക്കാന്‍ മറ്റ് ബാറ്റര്‍മാരേക്കാള്‍ സമയം സഞ്ജുവിന് ലഭിക്കുന്നുണ്ട്. അതിനാല്‍ എവിടേക്ക് പന്ത് കളിക്കണമെന്ന് തീരുമാനിക്കാന്‍ സഞ്ജുവിനാകും. ചുരുക്കം ബാറ്റര്‍മാര്‍ക്കെ ആ മികവുള്ളു. സഞ്ജു അത്തരത്തിലുള്ള ഒരു കളിക്കാരനാണ് ഗവാസ്‌കര്‍ പറഞ്ഞു.