ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോഴും സെമി ഫൈനലിൽ ആരെല്ലാമെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്ത്വം തുടരുകയാണ്. ഇത്തവണത്തെ ലോകകപ്പിലും ഒട്ടേറെ റെക്കോർഡുകൾ കുറിക്കപ്പെട്ടു. എന്നാൽ 2007ലെ ടി20 ലോകകപ്പിൽ കുറിക്കപ്പെട്ട പല റെക്കോർഡുകളും ഇന്നും തകർക്കപ്പെട്ടിട്ടില്ല.
ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്കോറെന്ന റെക്കോർഡ് ഇന്നും ശ്രീലങ്ക കെനിയയ്ക്കെതിരെ നേടിയ 260 റൺസാണ്. ഈ റെക്കോർഡ് തകർക്കാൻ ഇതുവരെ ഒരു ടീമുകൾക്കുമായിട്ടില്ല. അന്ന് 44 പന്തിൽ 88 റൺസുമായി സനത് ജയസൂര്യയായിരുന്നു ശ്രീലങ്കയുടെ ടോപ്സ്കോറർ. മത്സരത്തിൽ മഹേള ജയവർധന 27 പന്തിൽ 65 റൺസും അടിച്ചെടുത്തു. ഈ മത്സരത്തിൽ 172 റൺസിനാണ് കെനിയ ശ്രീലങ്കയോട് തോറ്റത്. റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയമെന്ന നേട്ടവും ഈ മത്സരത്തിൽ ശ്രീലങ്ക സ്വന്തമാക്കി.
ടി20 ലോകകപ്പിൽ ഒരിക്കലും തകർക്കപ്പെടില്ലെന്ന് കരുതപ്പെടുന്ന റെക്കോർഡാണ് 2007ൽ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ നേടിയ അതിവേഗ ഫിഫ്റ്റി. ഒരോവറിൽ ആറ് സിക്സറുകൾ യുവരാജ് നേടിയ മത്സരത്തിൽ 12 പന്തിലാണ് താരം അർധസെഞ്ചുറി കുറിച്ചത്. ടി20 ലോകകപ്പിലെ ഉയർന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് പിറന്നതും 2007ലെ ലോകകപ്പിലാണ്. പാകിസ്ഥാൻ്റെ മിസ്ബാഹ് ഉൾ ഹഖും(66*) ഷോയേബ് മാലിക്കും (52*) ചേർന്ന് നേടിയ 119 റൺസ്. ഈ അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.
ഒരു മത്സരത്തിൽ കൂടുതൽ എക്സ്ട്രാസ് വഴങ്ങിയ ടീമെന്ന റെക്കോർഡ് വിൻഡീസിൻ്റെ പേരിലാണ്. 2007ലെ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 28 എക്സ്ട്രാസാണ് വിൻഡീസ് വഴങ്ങിയത്. ഇതിൽ 23 വൈഡുകളാണ് ഉണ്ടായിരുന്നത്.